കോഴിക്കോട്: ഭാരതത്തിന്റെ പൗരാണിക കലകള്‍ സമൂഹമനസ്സിന്റെ സൃഷ്ടികളായിരുന്നു എന്നും പാശ്ചാത്യലോകത്താണ് വ്യക്ത്യധിഷ്ഠിതമായ കല ആരംഭിച്ചതെന്നും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്. ഭാരതത്തിലെ മഹാത്ഭുതങ്ങളായ ശില്പങ്ങള് നിര്മ്മിച്ചവരാരും അവരുടെ പേര് കൊത്തിവച്ചിരുന്നില്ല. അത് കലാകാരന്മാരുടെ സമൂഹത്തിന്റെ സമര്‍പ്പണമായിരുന്നു.
പാശ്ചാത്യരാണ് ഇത് എന്റെ കല എന്ന രീതിയില്‍ വ്യക്തിനിഷ്ഠമാക്കിയത്. ഈ വ്യത്യാസമാണ് കലാദര്‍ശനത്തില്‍ ഭാരതത്തിന്റെയും പാശ്ചാത്യലോകത്തിന്റെയും വ്യത്യാസം. കലയോടുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസം ഇതില്‍ നമുക്ക് കാണാമെന്നും കാനായി പറഞ്ഞു.
‘മലയാളത്തിന്റെ പുനര്‍വായന- സാഹിത്യം, കല, ജീവിതം’ എന്ന വിഷയത്തില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവാദപരമ്പരയിലെ കലയെ അധികരിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
ശശിനാരായണന്‍ (നാടകം), അലി അക്ബര്‍ (സിനിമ), യു.പി. സന്തോഷ് (അനുഷ്ഠാന കല), ഹരിപ്പാട് കെ.പി.എന്‍ പിള്ള (സംഗീതം), ഡോ. ഗൗരിപ്രിയ സോമനാഥ് (നൃത്തം) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും നടന്നു. മുരളി പാറപ്പുറം ചര്‍ച്ച ക്രോഡീകരിച്ചു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ആമുഖ പ്രഭാഷണം വും തപസ്യ സംസ്ഥാന സെക്രട്ടറി കെ.സതീഷ് ബാബു സ്വാഗതവും, ജോയന്റ് ജനറല്‍ സെക്രട്ടറി മണി എടപ്പാള്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: