പെരുങ്കടവിള: പെരുങ്കടവിള പഞ്ചായത്തില്‍ പുതിയ ക്വാറി തുടങ്ങാന്‍ നീക്കം നടക്കുന്ന മേഖലയില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. പ്രസിഡന്റ് നാരായണ്‍ തമ്പിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളും വാര്‍ഡ് പ്രതിനിധികളും അടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
തത്തിയൂര് ഐറ്റിക്കോണം മേഖലയിലാണ് പാറഖനന ലോബി പിടിമുറുക്കുന്നത്. മറ്റൊരു വ്യാപക പരിസ്ഥിതിനാശത്തിനു കൂടി പെരുങ്കടവിള പഞ്ചായത്ത് പ്രദേശം വേദിയാകുന്ന സ്ഥിതിയാണ് നിലവില്‍. പൊറ്റയില്‍, പുതുവല്‍, ഐറ്റിക്കോണം, കുണ്ടുക്കോണം, പാലാള്ക്കോണം, കുണ്ടയത്ത് കോണം, തത്തിയൂര്, നാഗരുകാവ് എന്നീ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ജൈവവൈവിധ്യവും താറുമാറാക്കാവുന്ന ഖനനത്തിനാണ് ക്വാറി മാഫിയ ശ്രമം നടത്തുന്നത്.
ലൈസന്‍സിനായി നടത്തിയ നീക്കം ബിജെപി മെമ്പര്‍മാരുടെ ഇടപെടല്‍ മൂലം താല്‍ക്കാലികമായി തടയപ്പെട്ടിരുന്നു. നിരക്ഷരരും നിര്‍ധനരുമായ പരിസരവാസികളില്‍ നിന്ന് സഹായം നല്‍കാനെന്ന വ്യാജേന സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒപ്പുശേഖരിക്കുകയും ആധാര്‍ കോപ്പികള്‍ അനധികൃതമായി കൈവശപ്പെടുത്തുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. പുതുവല്‍ വരാലി റോഡും കടന്ന് പടിഞ്ഞാറോട്ട് പാലാള്ക്കോണം വഴി നാഗരുകാവ് കുണ്ടുക്കോണം ചിറ്റാര്‍ വരെ വരെ വ്യാപിച്ചു കിടക്കുന്ന അടിപ്പാറകളുള്പ്പെടെ തുരന്നെടുക്കാനായി അടയാളപ്പെടുത്തി കല്ലിട്ട് ജണ്ടകെട്ടി നാട്ടിയിരിക്കുകയാണ്.
അനധികൃത മാര്‍ഗങ്ങളിലൂടെ ഖനനം നടത്താനുള്ള പാറലോബിയുടെ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുമെന്ന് പെരുങ്കടവിള പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ നാരായണ്‍ എസ്. തമ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: