കഴക്കൂട്ടം: റമദാൻ 27-ാം രാവിൽ വിത്യസ്ത മതങ്ങളിൽപ്പെട്ട എട്ട് നിർധന കുട്ടികളുടെ മാംഗല്യത്തിന് കഴക്കൂട്ടം ചന്തവിള ആബല്ലൂർ മുസ്ലിം ജമാഅത് അങ്കണം സാക്ഷിയായി. പ്രവാസി വ്യവസായിയും അബുദാബി ലൈലക്ക് ഗ്രൂപ്പ് എം.ഡിയുമായ ചന്തവിള സ്വദേശി ആമ്പല്ലൂർ എം.ഐ നിവാസിൽ ആമ്പല്ലൂർ എം.ഐ ഷാനവാസിന്റെ സഹായത്തോടെയാണ് വിവാഹത്തിന് ആമ്പല്ലൂർ ജുമാ മസ്ജിദ് അങ്കണം വേദിയായത്.
പെരുമാതുറ സ്വദേശി നൗഫലും പുതുക്കുറിച്ചി സ്വദേശി നൗസില, പേട്ട സ്വദേശി ഹരികുമാറും ആമ്പല്ലൂർ സ്വദേശി ശ്രീലക്ഷ്മിയും, പെരുമാതുറ സ്വദേശി ഫൈസലും പുതുക്കുറ്റിച്ചി സ്വദേശി ഷാനിബയും, അഴിക്കോട് സ്വദേശി അനസ് പൂവച്ചൽ സ്വദേശി ഷെഹ്നയും പാരിപ്പള്ളി സ്വദേശി ഷമീറും മാടൻവിള സ്വദേശി അറഫയും, പാരിപ്പള്ളി സ്വദേശി ഹാറൂനും ആറ്റിങ്ങൾ സ്വദേശി അൻസിലയും, ശ്രീകാര്യം സ്വദേശി സുനിലും ചന്തവിള സ്വദേശി ജ്യോതിയും വെഞ്ഞാറമൂട് സ്വദേശി അനന്ദുവും ആര്യനാട് സ്വദേശി നന്ദിനി മോളുമാണ് മംഗല്യവതികളായത്.
പള്ളിമുറ്റത്ത് പ്രാർത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങുകൾ ലോക് ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വധൂ വരന്മാർക്ക് ഹാരവും മംഗളപത്രവും കൈമാറി. വിവാഹിതരായ പെൺകുട്ടികൾക്കുള്ള സ്വർണ്ണാഭരണങ്ങൾ ആമ്പല്ലുർ എം.ഐ ഷാനവാസിന്റെ പത്നി ബിജിന ഷാനവാസ് വിതരണം ചെയ്തു.
മതപണ്ഡിതൻ നൗഷാദ് ബാഖവി, മൗലവിമാരായ നേമംസിദ്ധീഖ് ഫൈസി, സിദ്ധീഖ് സഖാഫി ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്, സെക്രട്ടറി ഷിഹാബുദ്ധീൻ, മുൻ ജമാഅത്ത് പ്രസിഡൻറ് ആമ്പല്ലൂർ നാസർ, അഡ്വ.നൗഷാദ്, കോൺഗ്രസ് നേതാക്കളായ അഡ്വ.എം.മുനീർ, എച്ച്.പി.ഷാജി, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗം, തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: