മലയാളത്തിന്റെ ഭാവാഭിനയ ചക്രവര്‍ത്തി നെടുമുടി വേണുവിന് നടന വിസ്മയം മോഹന്‍ലാലിനോട് അസൂയയോ. ഉണ്ടാകേണ്ട കാര്യമില്ല. മോഹന്‍ലാലിന്റെ കഥാ പാത്രങ്ങള്‍ നെടുമുടിയോ നെടുമുടി ചെയ്യേണ്ട കഥാപാത്രങ്ങള്‍ ലാലോ തട്ടി എടുക്കാറില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ തനിക്ക് ലാലിനോട് അസൂയയുണ്ടെന്ന് നെടുമുടി തന്നെ പറയുമ്പോള്‍ അവിശ്വസിക്കേണ്ടതുമില്ല.
ജന്മഭൂമി സംഘടിപ്പിച്ച’ മോഹന്‍ലാലും കൂട്ടുകാരും @41′ മെഗാഷോയില്‍ ലാലിനെ ഒപ്പം നിര്‍ത്തിയാണ് നെടുമുടി അസൂയ വിവരം വെളിപ്പെടുത്തിയത്.
‘അരവിന്ദന്റെ തമ്പിലാണ് ഞാന്‍ ആദ്യം അഭിനയിക്കുന്നത്. പിന്നീട് ഭരതന്റെ സിനിമയില്‍. സിനിമയെകുറിച്ച് വളരെ ഉയര്‍ന്ന സങ്കല്പമുള്ള ആളായിരുന്നു. നല്ല സിനിമയില്‍ മാത്രം അഭിനയിക്കണം എന്ന സ്വപ്നം കൊണ്ടു നടന്ന ആളാണ്. അപ്പോളാണ് ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് 3-4 ചെറുപ്പക്കാര്‍ കടന്നു വന്ന് , അവരുടെ സിനിമയില്‍ അഭിനയിക്കണം എന്നു പറയുന്നത്. ഞാന്‍ പറഞ്ഞു ‘നിങ്ങളുടെ ഒന്നും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല ‘ . നോക്കുമ്പോള്‍ ഒരാള്‍ മാത്രം സംസാരിക്കാതെ നില്ക്കുന്നു. ആ അമൂല്‍ ബേബിയുടെ മുഖം മറക്കില്ല. അത് മോഹന്‍ ലാലിന്റേതാണ്. പി്ന്നീട് ഒന്നിച്ച് കൈപിടിച്ച് എത്രയെത്ര യാത്രകള്‍.ലാല്‍ ചെയ്ത എത്രയെത്ര നല്ല കഥാപാത്രങ്ങള്‍.
ലാലിന്റെ വളര്‍ച്ചയില്‍, ലാലിന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയിട്ടില്ല. വാല്‍സല്ല്യം മാത്രമേ ഉണ്ടായിട്ടുള്ളു. പക്ഷേ അസൂയ തോന്നിയ ഒന്നുണ്ട്. അത് ലാലിന്റെ സൗഹൃദം എന്നു പറയുന്ന മഹത്തായ നന്മയോടാണ്. അത്രയും പേരുമായി ഒന്നിച്ച സൗഹൃദയ വലയെ ഉണ്ടാക്കുക എന്ന ത് അസൂയ തോന്നിപ്പിക്കുന്നകാര്യമാണ്.. ആ സൗഹൃദതണലില്‍ വളര്‍ന്ന ഒന്നും പാഴ്മരമായില്ല.
ഞങ്ങള്‍ കൂട്ടുകാരോ സമപ്രായക്കാരോ അല്ല. ലാല്‍ എല്ലാവരേയും കൂട്ടുകാരാക്കും. തിക്കുറുശ്ശി ചേട്ടനായാലും തിലകനായാലും കുതിരവട്ടം പപ്പുവായാലും…….. തന്നേക്കാള്‍ അനുഭവം കൊണ്ടും പ്രായം കൊണ്ടും എത്ര മൂത്തവരായലും, ലാല്‍ അവരെയൊക്കെ സുഹൃത്തുക്കളാക്കുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്യുന്നു’ നെടുമുടി പറഞ്ഞു..
നാണം കുണുങ്ങിയായ പഴയ മോഹന്‍ലാല്‍ തന്നെയാണിപ്പോഴും എന്റെ മനസ്സിലുള്ളതെന്നും നെടുമുടി പറഞ്ഞപ്പോള്‍ എല്ലാം കേട്ട് ചിരിച്ചുകൊണ്ടു നിന്നു മോഹന്‍ലാല്‍.
മോഹന്‍ലാലാന്റെ അഭിനയത്തോടുള്ള ആദരവ് നെടുമുടി നേരത്തെയും പറഞ്ഞിട്ടുണ്ട്. ഭരതത്തിലെ അഭിനയത്തിന് ലാലിന് ദേശീയ അവര്‍ഡ് കിട്ടിയപ്പോള്‍ അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
മികച്ച നടനുള്ള ദേശീയ പുരസ്കാരം മോഹന്‍ലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് നല്‍കിയതിലും വിമര്‍ശനങ്ങള്‍ ഒരുപാട് ഉയര്‍ന്നിരുന്നു. ഭരതത്തില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ച അഭിനയമായിരുന്നു നെടുമുടി വേണുവിന്റേത്, അതിനാല്‍ അദ്ദേഹമാണ് പുരസ്കാരത്തിന് യോഗ്യന്‍ എന്നായിരുന്നു വാദം. ഒടുവില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, തന്നെക്കാള്‍ യോഗ്യന്‍ ലാല്‍ തന്നെയാണെന്ന് പറഞ്ഞ് നെടുമുടി വേണു രംഗത്തെത്തുകയായിരുന്നു.
സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കല്ലൂര്‍ രാമനാഥന് എന്ന സംഗീതജ്ഞനായി നെടുമുടി വേണുവും അദ്ദേഹത്തിന്റെ അനുജനായ കല്ലൂര്‍ ഗോപിനാഥനായി മോഹന്‍ലാലുമാണ് എത്തിയത്. നായകനോളം പ്രധാന്യമുള്ള വേഷമായിരുന്നു കല്ലൂര്‍ രാമനാഥന്റെയും. ലാലിനെക്കാള്‍ തന്റെ കഥാപാത്രം മികവുറ്റതാക്കിയത് നെടുമുടി വേണുവാണെന്നും, അതിനാല്‍ അദ്ദേഹമാണ് പുരസ്കാരത്തിന് യോഗ്യനെന്നുമായിരുന്നു വിവാദം
കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന് അങ്ങനെയല്ല എന്നായിരുന്നു ഇതിന് നെടുമുടി വേണുവിന്റെ മറുപടി. നൂല്‍പ്പാലത്തിലൂടെയാണ് ഗോപിനാഥന്റെ യാത്ര. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാവില്ല. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങി നോക്കിയാലേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ- നെടുമുടി പറഞ്ഞു.
ലാലിനെ സിനിമ നടനാക്കുന്നതില്‍ നെടുമുടിക്ക് വലിയ പങ്ക് ഉണ്ടെന്നത് മറ്റൊരു അറിയാത്ത സത്യം. നേരിട്ടുള്ള പങ്കല്ല. പരോക്ഷ പങ്ക്. അതെന്തെന്ന് ലാലിന്റെ സുഹൃത്തും ആദ്യ സംവിധായകനുമായ അശോക് കുമാര്‍ പറഞ്ഞു.
‘ചേട്ടന് രാജീവ് നാഥ് സിനിമാ സംവിധായകന് എന്ന നിലയില്‍ പേരെടുത്തിരുന്നു. ആദ്യ സിനിമ ‘ തണല്‍’ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. രാജീവ് നാഥിന്റെ മൂന്നാമത് ചിത്രം ‘സൂര്യന്റെ മരണം’ മാന്നാറിലാണ് ചിത്രീകരിച്ചത്. ചേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് കാണിക്കാം എന്നു പറഞ്ഞ് മോഹന്‍ലാലിനെയും മാന്നാറിലെത്തി. ക്ലാസ് കട്ട് ചെയ്ത് വന്നത് ചേട്ടന് ഇഷ്ടമായില്ല. നെടുമുടി വേണുവായിരുന്നു ചിത്രത്തിലെ നായകന്. മോഹന്‍ലാല്‍ നല്ലതുപോലെ അഭിനയിക്കുമെന്ന് പറഞ്ഞപ്പോള്‍ ആകെയൊന്നു നോക്കി നെടുമുടി ഒന്നു ചിരിച്ചു.. ഒരു തരം അവഹേളനമായിട്ടാണ് തോന്നിയത്. അന്നുതന്നെ തിരിച്ചുപോന്നു. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന വാശിയായി മോഹന്‍ലാലിന്. ഇന്ത്യന്‍ കോഫി ഹൗസിലെത്തിയാല്‍ ചര്‍ച്ച മുഴുവന്‍ അതായി. തിരനോട്ടം എന്ന സിനിമയുടെ പിറവി അങ്ങനെയാണ്. തിരനോട്ടത്തില്‍ നായകനാക്കാന്‍ ആദ്യം സമീപിച്ചത് നെടുമുടി വേണുവിനെയാണ്. പിള്ളേരുടെ കളിക്ക് കൂട്ടുനില്ക്കാന് വേണു തയ്യാറായില്ല. തുടര്‍ന്ന് രവികുമാറിനെ നായകനായി കിട്ടി’. അശോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: