ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. ധനകാര്യ വകുപ്പ് മന്ത്രിയായി തോമസ് ഐസക്ക് പത്തു വർഷം തികയ്ക്കാൻ പോകുമ്പോൾ കേരളത്തിന്റെ ധനകാര്യശേഷി വർദ്ധിപ്പിക്കാൻ അദ്ദേഹം എന്തു ചെയ്തു എന്ന് കെ എസ് രാധാകൃഷ്ണൻ. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മദ്യത്തിന്റെ വില്പന നികുതി വർദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. കേന്ദ്രം കണക്കില്ലാതെ പണം തരണം, താൻ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:
ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു???
ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വർഗ്ഗസമരവും: 1859 മുതൽ 1980 വരെ ആലപ്പുഴയിലെ കയർ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്.
നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയർ വ്യവസായവും കേരളത്തിലെ വർഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകൾക്കെല്ലാം ഈ ഗതിയുള്ളതു കൊണ്ടാകാം കേരളത്തിന്റെ ഖജനാവും ഊർദ്ധശ്വാസം വലിച്ചു കിടക്കുന്നത്.അദ്ദേഹം അഞ്ചു വർഷം ആസൂത്രണ ബോർഡ് അംഗമായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വർഷം തികയ്ക്കാൻ പോകുന്നു. ഈ കാലയളവിനുള്ളിൽ കേരളത്തിന്റെ ധനകാര്യശേഷി വർദ്ധിപ്പിക്കാൻ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം.
മദ്യത്തിന്റെ വില്പന നികുതി വർദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
ഇപ്പോൾ അദ്ദേഹം പറയുന്നത് കേന്ദ്രം കണക്കില്ലാതെ പണം തരണം, താൻ ചെലവാക്കാമെന്നാണ്. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിന്റെ ധനകാര്യ മോഹം. റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക; കേന്ദ്രം കണക്കില്ലാതെ തനിക്ക് തരിക; താൻ അത് കണക്കിൽ പെടാതെ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
ആരാനും പണമുണ്ടാക്കിത്തരിക. താൻ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികൾ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവർഷം അയച്ചു നൽകിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിന്റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണം? ദയവായി പ്രതിക്രിയാവാദം, അന്തർധാര തുടങ്ങിയ മറുഭാഷ പറയരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: