തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാലാംഘട്ട ലോക്ക്ഡൗണ്‍ തുടരുന്ന സമയത്തും സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ഉചിതമായ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. മേയ് 26 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കുട്ടികളും രക്ഷിതാക്കളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും ഈ തീരുമാനത്തിനെതിരേ രംഗത്തു വന്നിരുന്നു. എന്നാല്‍, പരീക്ഷ മാറ്റില്ല എന്ന കര്‍ശ നിലപാടായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി സ്വീകരിച്ചത്. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിഷയത്തോടുള്ള ചോദ്യത്തോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പരീക്ഷ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നല്ല രീതിയില്‍ നടത്താന്‍ അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതേത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും എച്ച്ആര്‍ഡി മന്ത്രാലയത്തിനും നിരവധി പരാതികള്‍ ലഭിച്ചു. ഇതോടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു.
കേരള ചീഫ് സെക്രട്ടറിയെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസില്‍ നിന്നു ബന്ധപ്പെട്ട് ശക്തമായ താക്കീതാണ് നല്‍കിയത്. കോവിഡ് വ്യാപന സാധ്യത ശക്തവും ഗതാഗത സൗകര്യം പരിമിതവുമായ ഈ സമയത്ത് നിങ്ങള്‍ പരീക്ഷ നടത്താന്‍ എന്താണ് ധൃതിയെന്നും പരീക്ഷയല്ല, കുട്ടികളുടെ ജീവനാണ് വലുതെന്ന ബോധ്യം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫിസ് വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം എടുക്കേണ്ടെന്നും പരീക്ഷകള്‍ക്കടക്കമുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അറിയിക്കുമെന്നും വ്യക്തമാക്കി. പരീക്ഷകള്‍ മാറ്റിയില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന അന്ത്യശാസനം കൂടി ലഭിച്ചതോടെ പിണറായി സര്‍ക്കാര്‍ കുടങ്ങി.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള കാര്യമായാണ് ഇതു ചീഫ് സെക്രട്ടറി അവതരിപ്പിച്ചത്. പരീക്ഷകള്‍ മാറ്റാതെ മറ്റു വഴിയില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി ഇതിനു വഴങ്ങി. മറ്റു മന്ത്രിമാരും പരീക്ഷ മാറ്റുന്നതാകും ഉചിതമെന്നും സര്‍ക്കാര്‍ പിടിവാശി മൂലം പരീക്ഷ നടത്തി ദൗര്‍ഭാഗ്യകരമായി എന്തെങ്കിലും സംഭവിച്ചാല്‍ വലിയ തിരിച്ചടിയാകുമെന്നും യോഗത്തെ അറിയിച്ചു.വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഇതേ അഭിപ്രായമാണ് നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കൈക്കൊണ്ടത്.
പരീക്ഷ നടത്തിയാല്‍ വീടു മുതല്‍ പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രവരെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. പൊതു ഗതാഗതം പൂര്‍ണ്ണമായും സര്‍വ്വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ രക്ഷിതാക്കളുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താനിരുന്നത്.
തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ല വിട്ട് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുമായിരുന്നു. സംസ്ഥാനത്തിനുള്ളില്‍ തന്നെ 33 ഹോട്ട് സ്പോട്ടുകള്‍ ഉണ്ട്. ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ചും വ്യക്തമായ ധാരണയില്ല. ഈ വിദ്യാലയങ്ങളില്‍ നിരീക്ഷണത്തിനായി എത്തുന്ന അധ്യാപകരുടെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.
മലബാര്‍ പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് കടുത്ത നിലപാടിലായിരുന്നു. ഈ പ്രദേശങ്ങളിലെ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയിരുന്നു.. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തെക്കന്‍ മേഖലകളില്‍ കെഎസ്ആര്‍ടിസി മാത്രം ഉപയോഗിച്ച് എല്ലാ സ്കൂളുകളിലേക്കും യാത്ര ഒരുക്കുക അപ്രായോഗികമാണ്. കൂടാതെ പരീക്ഷാ ദിവസങ്ങളില്‍ ബസ് ഡിപ്പോകളില്‍ ഉണ്ടാകുന്ന തിരക്കും ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കിയിരുന്നു. കേന്ദ്രത്തിന്റെ കര്‍ശന ഇടപെടലോട് ഈ ആശങ്കള്‍ക്കാണ് അറുതി വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: