അന്ന് യാഗശാലയില്‍ ശുനശ്ശേഫന് ഉന്നയിച്ച ചോദ്യങ്ങള്‍ വിജ്ഞന്മാരായ സമൂഹത്തിനോട് മൊത്തമായാണ്. സമൂഹം തന്നെ ഉത്തരം കൊടുക്കണം.
‘ഭോഭോ സദ്യാഃ സുധര്മജ്ഞാ
ബ്രുവന്തു ധര്‍മനിര്‍ണയം
വേദശാസ്ത്രാനുസാരേണ
യഥാര്ഥവാദിനഃ കില’
വിജ്ഞാനികളായ മഹര്‍ഷിമാരോടും സന്നിഹിതരായിരുന്ന ദേവന്മാരോടും മന്ത്രിമാരോടും എല്ലാംകൂടിയായിരുന്നു ചോദ്യം.
‘പുത്രോളഹം കസ്യസര്വജ്ഞാഃ
പിതാ മേ കോളഗ്രതഃ പരം’
ഹേ, യഥാര്ഥവാദികളായ ധര്മജ്ഞാനികളേ ഇനിമേല്‍ ഞാന്‍ ആരുടെ പുത്രനാണ്, ആരാണെന്റെ പിതാവ് ഇക്കാര്യത്തില്‍ സഭയില്‍ കാര്യമായ വാദപ്രതിവാദങ്ങള്‍ നടന്നു.
ശുനശ്ശേഫന് അജീഗര്‍ത്തന്റെ പുത്രന് തന്നെ. അച്ഛനെ അങ്ങനെ മാറ്റാന്‍ കഴിയില്ലല്ലോ എന്നായിരുന്നു പ്രാരംഭഘട്ടത്തില്‍ ചിലരുടെ വാദം.
എന്നാല്‍ അജീഗര്ത്തന് പണത്തിനു വേണ്ടി മകനെ വിറ്റതാണല്ലോ. അതോടെ അയാളുടെ അവകാശം തീര്‍ന്നു. ഇതായിരുന്നു സഭയില്‍ ഉയര്‍ന്ന എതിര്‍വാദം. ആ വാദം ശരിവയ്ക്കാന്‍ ചില വിജ്ഞന്മാര് ആവേശത്തോടെ മുന്നോട്ടു വന്നു.
പണത്തിനു വേണ്ടി മകനെ വില്ക്കാന് മാത്രമല്ല, യാഗയൂപത്തില്‍ വച്ച് ബലിമൃഗമെന്ന നിലയില്‍ കൊല്ലാന്‍ വരെ അജീഗര്ത്തന് ഒരുങ്ങിയതാണ്. അതിനാല്‍ ശുനശ്ശേപന്‍ ഇനിയും അജീഗര്‍ത്തന്റെ മകനായി കഴിയേണ്ടതില്ല. അവര്‍ വിലയിരുത്തി.
അപ്പോള്‍ പിന്നെ വിലയ്ക്കു വാങ്ങിയ രാജാ ഹരിശ്ചന്ദ്രന് തന്നെയാണ് അവന്റെ അവകാശി എന്നായി ചിലര്‍. ഈ വാദം വാമദേവ മഹര്‍ഷി ശരിവച്ചു. എന്നാല്‍ ഒരു സംശയം വാമദേവന് ഉന്നയിച്ചു. ശുനശ്ശേഫനെ യാഗയൂപത്തില്‍ നിന്നും കെട്ടഴിച്ചു വിടാന്‍ കല്പിച്ച് ഭയത്തില്‍ നിന്നും മോചിപ്പിച്ചത് വരുണഭഗവാനാണ്. അതിനാല്‍ വരുണന് ഇവന്റെ അച്ഛനാണ് എന്നു പറയേണ്ടി വരും.
‘അന്നദാതാ ഭയത്രാതാ
തദാ വിദ്യാപദശ്ച യഃ
ജന്മ വിത്തപ്രദശ്ചൈവ
പഞ്ചൈതേ പിതരഃസ്മൃത’
എന്നാണ് പ്രമാണം. അന്നം കൊടുത്തവനും ഭയത്തില്‍ നിന്ന് രക്ഷിച്ചവനും വിദ്യ നല്കിയവനും ധനം നല്കിയവനും ജന്മം നല്കിയവനും പിതാക്കന്മാരാണ്. എന്നാല്‍ അജീഗര്ത്തന് ആ അവകാശം നശിപ്പിച്ചു. ഇവിടെ വരുണന് അഭയം കൊടുത്തു എന്നത് നേരാണ്. പക്ഷേ വരുണമന്ത്രം ഭക്തിയോടെ ജപിച്ചതു കൊണ്ടാണ് വരുണന് പ്രസാദിച്ച് അഭയം നല്‍കിയത്. അതായത് വരുണനും പ്രതിഫലം വാങ്ങിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ പിതാവ് എന്ന അവകാശം ഇനി വരുണനില്ല. ഈ പ്രമാണാനുസൃതം വിദ്യ നല്കിയ വ്യക്തിക്കാണ് ശുനശ്ശേഫന്റെ മേല്‍ അവകാശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: