കൊച്ചി: ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഇളവുകള്‍ വന്നതോടെ ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കാമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ അറിയിപ്പിലുള്ള ആശയകുഴപ്പം മൂലം സംസ്ഥാനത്തെ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാവത്ത സ്ഥിതിയാണെന്ന് ഓള് കേരള ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫേഷ്യല്‍ ഒഴിവാക്കി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ പാര്‍ലറുകള്‍ തുറക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ. ബ്യൂട്ടിപാര്‍ലറുകള്‍ ഇത്രയും നാള് പൂട്ടി കിടന്നതിനാല്‍ വാങ്ങിവച്ചിരുന്ന കോസ്മെറ്റിക്ക് ഉല്‍പ്പന്നങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളും നശിച്ചുതുടങ്ങി. കോടികണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്. സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവാദം നല്കിയാലും സര്‍ക്കാരിന്റെ സഹായമില്ലാതെ ഈ മേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ബ്യൂട്ടിഷ്യന് ഹോം സര്‍വീസ് ലോബികളുടെ സര്‍വീസ് നിര്‍ത്തലാക്കണമെന്നും ബ്യൂട്ടിപാര്‍ലറുകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അസോസിയേഷന് ജനറല്‍ സെക്രട്ടറി മിനി സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് ജെസി ബോര്‍ജിയ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസീല, സുമി സെന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: