പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ക്വാറിക്ക് വീണ്ടും അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ അനിശ്ചിതകാല റിലെ സത്യഗ്രഹ സമരം തുടങ്ങി. ചെങ്ങോടുമ്മല്‍ ഗീത, പൂവത്തും ചോലയില്‍ വജില എന്നീ വീട്ടമ്മമാരാണ് ആദ്യ ദിവസം സത്യഗ്രഹമിരുന്നത്.
നാളെ സംസ്ഥാന ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന ഏകജാലക ബോര്‍ഡ് ക്വാറി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സമയത്ത് അനധികൃതമായി അനുമതി സംഘടിപ്പിക്കാനാണ് നീക്കമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ചെങ്ങോടുമലയില്‍ പാരിസ്ഥിതികാഘാത റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത് ക്വാറി കമ്പനി നിയോഗിച്ച ഏജന്‍സിയാണെന്നത് ഉദ്യോഗസ്ഥ- ക്വാറി മാഫിയ കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്ന് സമരസമിതി ആരോപിച്ചു.
ചെങ്ങോടുമലയില്‍ പഠനം നടത്തിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഖനന നീക്കവുമായി മുന്നോട്ടു പോവുകയാണ്. ഇവിടെ ക്വാറി യാഥാര്‍ത്ഥ്യമായാല്‍ അത് ജില്ലയിലെ തന്നെ ഏറ്റവും വലുതായിരിക്കുമെന്ന് ജില്ലാ ജിയോളജിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. ഒരു വര്‍ഷം 2,88,800 മെട്രിക് ടണ്‍ പാറ പൊടിക്കുമെന്നാണ് കമ്പനിയുടെ മൈനിങ് പ്ലാനിലുള്ളത്.
ക്രഷര്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാവുമ്പോള്‍ പ്രദേശത്തെ ജലം മുഴുവന്‍ കമ്പനി ഊറ്റിയെടുക്കും. പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം 24000 ലിറ്റര്‍ വെള്ളം ഒരു ദിവസം കമ്പനിക്ക് വേണമെന്നാണ് പറയപ്പെടുന്നത്. ഒരു വര്‍ഷം 60 ലക്ഷം ലിറ്ററിലധികം വെള്ളം കുഴല്‍ കിണര്‍ കുഴിച്ചും മറ്റും ഊറ്റിയെടുക്കുമ്പോള്‍ പ്രദേശം മരുഭൂമിയായി മാറുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ദിലീഷ് കൂട്ടാലിട, കെ. രാജേഷ്, ജിംനേഷ് കൂട്ടാലിട, ജോബി ചോലക്കല്‍, സി. രാജന്, മനുപ്രസാദ് കൂട്ടാലിട, കെ.പി. ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: