എത്ര കരുതലും വാത്സല്യവും കാണിച്ചാലും പരാതി പറയുന്ന ചില കുട്ടികളുടെ സ്വഭാവമാണ് കേരള സര്‍ക്കാരിന്. കിട്ടിയതൊന്നും പോരാ, പോരാ എന്ന മനോഭാവം. അതേസമയം, അളവിലൊട്ടും കുറവുവരുത്താതെ എല്ലാം തുടര്‍ന്നും നല്കുന്ന മാതൃഭാവത്തോടാണ് കേന്ദ്ര സര്‍ക്കാരിനെ ഉപമിക്കാന്‍ തോന്നുക. രാജ്യം അത്യന്തം പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണിത്. ഈ സന്ദര്‍ഭത്തില്‍ ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കരുത്ത് തന്നെയാണ്. അക്കാര്യം വ്യക്തമായി പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആത്മനിര്‍ഭര്‍ ഭാരതിന്റെ അഞ്ചാംഘട്ട പ്രഖ്യാപനം നടത്തിയത്. ജനപ്രതിനിധികള്‍ രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടുതന്നെയാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. ധനമന്ത്രിയുടെ പ്രഖ്യാപനം തന്നെ ഉദാഹരണം. കൊറോണയ്ക്കെതിരെ മുന്‍നിരയില്‍ നിന്നു പൊരുതുന്നതു സംസ്ഥാനങ്ങളാണെന്നും ജനങ്ങളുടെ താത്പര്യ സംരക്ഷണം കേന്ദ്ര ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു. ഒരിക്കല്‍പ്പോലും സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി സംസാരിച്ചുമില്ല. ആ മാന്യത തിരിച്ചും കാണിക്കാന്‍ കേരളത്തേപ്പോലുള്ള സംസ്ഥാനങ്ങള്‍ ഭരിക്കുന്നവര്‍ കാണിച്ചാല്‍ ഭരണം സുഗമമാകും.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ച് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിന് അത് ഏറെ ആശ്വാസം നല്കുന്ന പ്രഖ്യാപനമാണ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നതുമാണ്. സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടിയുടെ അധികതുകയാണ് ഇതിലൂടെ ലഭിക്കുക. കേരളത്തിന് 18 കോടി അധികമായി കടമെടുക്കാം. സാമ്പത്തിക ഭദ്രത ഒട്ടും ഇല്ലാത്ത കേരളത്തെ സംബന്ധിച്ച് ഈ പ്രഖ്യാപനം വലിയ അനുഗ്രഹമാണ്. കേന്ദ്രത്തിന്റെ പല സാമ്പത്തിക നയങ്ങളോടും മുഖം തിരിച്ചുനിന്നിട്ടുള്ള കേരളത്തെ ഒറ്റപ്പെടുത്തുന്ന, തരംതാഴ്ത്തുന്ന പ്രവണത മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇന്നോളം ഉണ്ടായിട്ടില്ല. അടിസ്ഥാന വിഭാഗം മുതല്‍ കോര്‍പ്പറേറ്റ് തലം വരെ സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും സഹായ ഹസ്തം നീട്ടിക്കൊണ്ടുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഒരു നയം, അല്ലാത്ത സംസ്ഥാനങ്ങളോട് മറ്റൊന്ന് എന്ന ശൈലിയല്ല. നിരന്തരം കുറ്റപ്പെടുത്തിയിട്ടും കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.
അതേസമയം, സംസ്ഥാനം ചോദിച്ചാല്‍ ആവശ്യത്തിന് പണം നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിന് ഉണ്ടെന്ന മുഢധാരണയാണ് കേരളം വച്ചുപുലര്‍ത്തുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ പ്രഖ്യാപനങ്ങളില്‍ മിക്കതും കേരളത്തെ തൃപ്തിപ്പെടുത്തിയില്ല. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പാണ് ഏത് അവസരത്തിലും പ്രകടിപ്പിക്കുന്നത്. കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും നിരാശാജനകം എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുകയും ചെയ്യുന്നതല്ലാതെ, വരുമാനം ഉയര്‍ത്താന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എന്തെല്ലാം ചെയ്യാം എന്ന് ചിന്തിക്കുകയല്ല കേരളത്തിന്റെ ധനമന്ത്രി ചെയ്യുന്നത്. നിബന്ധനകളില്ലാതെ വായ്പ നല്‍കണം എന്നാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വായ്പ എന്നതുതന്നെ നിബന്ധനകള്‍ക്ക് വിധേയമാണ് എന്ന് അദ്ദേഹത്തിന് അറിയാതെയല്ല. വരുമാന നഷ്ടം സഹിച്ചുകൊണ്ടുതന്നെയാണ് കേന്ദ്രം ഇത്ര ബൃഹത്തായൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ധനകാര്യ വിദഗ്ധന്‍ കൂടിയായ തോമസ് ഐസകിന് മനസ്സിലാകാതെ പോകുന്നതാണ് അത്ഭുതം. സംസ്ഥാനങ്ങളെപ്പോലെ കേന്ദ്രവും വരുമാന സ്രോതസ്സുകള്‍ അടഞ്ഞതിന്റെ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. എന്നുകരുതി ഭരണകൂടത്തിന് കൈയ്യുംകെട്ടി നോക്കി നില്ക്കാനാവില്ലല്ലോ. പ്രതികൂല സാഹചര്യങ്ങളേയും അവസരമാക്കുക എന്ന തത്വത്തിലധിഷ്ഠിതമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതേ വഴിതന്നെയാണ് കേരളവും പിന്തുടരേണ്ടത്. മദ്യവില്‍പ്പന കുറഞ്ഞാല്‍, ഭാഗ്യാന്വേഷികളുടെ എണ്ണം കുറഞ്ഞാല്‍ താറുമാറാകുന്ന സമ്പദ് വ്യവസ്ഥയാണ് സംസ്ഥാനത്തിന്റേത്. നിരന്തരം കേന്ദ്രസര്‍ക്കാരിനെ പഴി ചാരുന്നതിന് പകരം, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിന് പുതുവഴികള്‍ തേടാനും ദുര്‍വ്യയം ഒഴിവാക്കി പിടിപ്പുള്ള സാമ്പത്തിക ഭരണം നടത്താനും തയ്യാറായാല്‍ അത്രയും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: