ബംഗളൂരു: കേരളം അടക്കം നാലു സംസ്ഥാനങ്ങളിലെ യാത്രക്കാരെ തത്കാലം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കര്‍ണാടക. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യന്തര, ആഭ്യന്തര യാത്രക്കാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍നിന്നു കര്‍ണാടകത്തിലേക്കു യാത്ര ചെയ്യാന്‍ സാധിക്കില്ല. രോഗവ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമാണ് യാത്രവിലക്കെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.
മേയ് 31 വരെയാണ് വിലക്ക്. ഇരു സംസ്ഥാനങ്ങളും അനുമതി നല്കിയാല് മാത്രമേ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കുകയുള്ളുവെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്നും അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായണനും പറഞ്ഞു. കര്‍ണാടകയില്‍ ഇതുവരെ 1,147 കോവിഡ് 19 കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കുമെന്നും സര്‍ക്കാര്‍ ബസ് സര്‍വീസ് സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 30 യാത്രക്കാരെ മാത്രമേ ബസുകളില്‍ അനുവദിക്കുകയുള്ളു. ഒല, ഊബര്‍ സര്‍വീസുകളും നാളെ മുതല്‍ അനുവദിക്കും. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് എല്ലാ കടകളും തുറക്കും. മാള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്റര്‍, ജിം, സ്വിമ്മിങ് പൂള് എന്നിവ തുറക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: