വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആഗോള തലത്തില്‍ 3.14 ലക്ഷം പിന്നിട്ടു. ആകെ രോഗികളുടെ എണ്ണം 48 ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം മാത്രം 95,000ത്തില്‍ പരം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 18 ലക്ഷം കടന്നു. 44,786 പേരാണ് വിവിധ രാജ്യങ്ങളിലായി അതീവ ഗുരുതരാവസ്ഥയിലുള്ളത്. നേപ്പാളില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ
റഷ്യയില്‍ ഇന്നലെ 9709 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ പട്ടികയില്‍ രാജ്യം രണ്ടാമതെത്തി. 94 പേര് ഇന്നലെ മരിച്ചു. രാജ്യത്തെ ആകെ മരണനിരക്കിന്റെയും രോഗബാധിതരുടെയും എണ്ണത്തില്‍ പകുതിയും മോസ്കോയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒറ്റപ്പെട്ട ദരിദ്ര മേഖലകളിലേക്ക് കൂടി വൈറസ് വ്യാപനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തണോയെന്നു തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം പ്രസിഡന്റ് വഌഡിമിര്‍ പുടിന് 85 പ്രാദേശിക ഭരണകര്‍ത്താക്കള്‍ക്ക് നല്കി.
ബ്രസീല്‍
തെക്കേഅമേരിക്കയില്‍ രോഗവ്യാപനം ഏറ്റവും ശക്തമായ ബ്രസീലില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നു. 24 മണിക്കൂറിനിടെ 14,919 പേരില്‍ രോഗബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം 816 പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അമേരിക്ക
അമേരിക്കയില്‍ ഇന്നലെ മാത്രം 25,060 പേരില്‍ വൈറസ് കണ്ടെത്തി. 1224 പേര് മരിച്ചു. 1.2 കോടി പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തി. 16,248 പേര് ഗുരുതരാവസ്ഥയില്‍.
ചൈന
വൈറസിന്റെ രണ്ടാം വരവ് ഭീഷണി നേരിടുന്ന ചൈനയില്‍ ഇന്നലെ ആറു പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തി. ജിലിന്‍ പ്രവിശ്യയിലെ ഷുലാന്‍ നഗരത്തില്‍ രോഗ വ്യാപനത്തെ തുടര്‍ന്ന് എണ്ണായിരം പേരെ ക്വാറന്റൈന് ചെയ്തു. നഗരത്തില്‍ ഇന്നലെ അഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മൂന്നും ആഭ്യന്തര വ്യാപനം വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: