മട്ടാഞ്ചേരി: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഭീതിയില്‍. മാലദ്വീപില്‍ നിന്നുള്ളവരുമായി കപ്പല്‍ അടുക്കുന്ന തുറമുഖത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സേനയ്ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
മാലദ്വീപില്‍ നിന്ന് ആദ്യ കപ്പല്‍ ജലശ്വ 698 യാത്ര ക്കാരുമായും രണ്ടാമത്തെ കപ്പല്‍ മഗര്‍ 202 യാത്രക്കാരുമായും ജലശ്വയുടെ രണ്ടാം ദൗത്യത്തില്‍ 588 പേരുമാണ് എത്തിയത്. യാത്രക്കാരെ സ്വീകരിക്കാനായി ടെര്‍മിനലിനകത്ത് നിരവധി പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായത്. പുറത്ത് ആവശ്യത്തിലേറെ പോലീസിനെ ഡ്യൂട്ടിക്കിടുന്നതെന്നും ആക്ഷേപമുണ്ട്. പത്തോളം പോലീസുകാരുള്ള നാല് ചെക്ക് പോസ്റ്റുകള്‍, ടെര്‍മിനലിനകത്തും പുറത്തും അകമ്പടി വാഹന ങ്ങള് പോകാനായും ഒട്ടേറെ പോലീസുകാര്‍ വേറെയുമുണ്ട്. ഇത്രയും പേരുടെ ആവശ്യമില്ലെന്നാണ് ആക്ഷേപം.
കപ്പലില്‍ എത്തുന്നവര്‍ പോലീസ് അകമ്പടിയോടെയാണ് നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പോകുന്നത്. വീടുകളില്‍ നിരീക്ഷണത്തിന് പോകുന്നവര്‍ക്കും അതാത് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് പോലീസ് അകമ്പടിയുണ്ടാകും.
ആദ്യ കപ്പലില്‍ വന്ന തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ക്കും രണ്ട് മലയാളികള്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരടക്കം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് വിവരം. ആദ്യകപ്പലില്‍ വന്നവരില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ചതോടെ ഇന്നലെ എത്തിയ ഐഎന്‍എസ് ജലാശ്വയില്‍ ഡ്യൂട്ടിക്ക് പോലീസുകാരുടെ എണ്ണം അല്പം കുറക്കുകയും ടെര്‍മിനലിനകത്ത് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ പുറത്ത് യാത്രക്കാരെ ബസുകളിലേക്ക് വഴി കാട്ടി കൊടുക്കേണ്ട പോലീസിന് ആകെയുള്ളത് കയ്യുറയും മാസ്ക്കും മാത്രമാണ്. ഇവരുടേയും എണ്ണം കുറച്ച് പിപിഇ കിറ്റ് നല്‍കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: