”ഞങ്ങളെ പോലുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിതേടാന്‍ കാരണക്കാര്‍ ആരാണോ അവര്‍ തന്നെ ഒരു പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിന് തടസ്സമാകുകയും ചെയ്യുന്നു”- ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിത്. പറഞ്ഞത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ ഉദ്ദേശിച്ചാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലിനും പഠനത്തിനുമായി പോയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കേരളത്തില്‍ തിരിച്ചെത്താനുള്ള സൗകര്യങ്ങളൊരുക്കാതിരിക്കുകയും അതിര്‍ത്തിവരെ എത്തിയവരെ തടയുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനോടുള്ള അവരുടെ രോഷം ചെറുതല്ല.
തങ്ങള്‍ ജോലിതേടി മറുനാടുകളില്‍ പോകേണ്ടിവന്നത് കേരളം ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ആ ചെറുപ്പക്കാരന്‍ സൂചിപ്പിച്ചത്. ഇന്ത്യയിലെ സിലിക്കണ്‍വാലി ആകേണ്ടിയിരുന്ന കേരളത്തെ ഒന്നുരണ്ട് ദശകക്കാലം പിറകോട്ടടിപ്പിച്ചതിന്റെ പ്രധാന ഉത്തരവാദികള്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അയാള്‍. വന്‍കിട വ്യവസായങ്ങളൊന്നുമില്ലാത്ത കേരളം പോലൊരു കണ്‍സ്യൂമര്‍ സ്റ്റേറ്റിന് പിടിച്ചുനില്‍ക്കാന്‍ ഏറ്റവും നല്ലവഴി ഐടി രംഗത്തെ മുന്നേറ്റമായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ഐടി രംഗത്ത് മുന്നേറിക്കഴിഞ്ഞിട്ടും ഒരു ദശകക്കാലമെങ്കിലും കഴിഞ്ഞാണ് കേരളം ആ വഴിക്ക് ചിന്തിച്ചതു തന്നെ. ഇതിനാരാണ് ഉത്തരവാദികള്‍?
എണ്‍പതുകളുടെ ആദ്യം സിപിഎമ്മിന്റെ നേതൃത്വത്തിലാരംഭിച്ച കമ്പ്യൂട്ടര്‍ വിരുദ്ധ സമരം മുതല്‍ കേരളത്തെ ഇടവിട്ടുള്ള അഞ്ച് വീതം വര്‍ഷക്കാലം ഭരിച്ച ആ പാര്‍ട്ടിയുടെ വികസനവിരുദ്ധ നയങ്ങളുടെ ഫലമാണ് മലയാളികളായ പതിനായിരക്കണക്കിന് അഭ്യസ്ഥവിദ്യര്‍ നാടുവിട്ട് വിദേശരാജ്യങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും തൊഴില്‍ തേടി പോകേണ്ടി വന്നത്. കേരളം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ചലിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെ പ്രധാന ശക്തിസ്രോതസ്സ് പ്രവാസി മലയാളികളാണെന്ന് സിപിഎമ്മുകാരടക്കം സമ്മതിക്കുന്ന കാര്യമാണ്. വ്യവസായങ്ങളോ ഐടി കമ്പനികളോ ഇല്ലാത്ത നാട്ടില്‍ നിന്നിട്ട് എന്ത് ജോലി ചെയ്യാനാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ നാടുവിട്ടത്.
എണ്‍പതുകളുടെ തുടക്കത്തിലാണ് ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ കമ്പ്യൂട്ടര്‍വത്കരണത്തെ കേരളത്തിലെയും ബംഗാളിലെയും സിപിഎം എതിര്‍ത്തത്. കമ്പ്യൂട്ടര്‍വത്കരണം തൊഴില്‍ നഷ്ടത്തിനിടയാക്കും എന്നാരോപിച്ച് പാര്‍ട്ടിയും അവരുടെ യുവജനസംഘടനകളും തൊഴിലാളിസംഘനടകളുമെല്ലാം ശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റെയില്‍വെ അടക്കമുള്ള പല മേഖലകളിലും കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരമുണ്ടായി. ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം കമ്പ്യൂട്ടറിനെയും നൂതനസാങ്കേതിക വിദ്യകളെയും കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിക്കാതെ നോക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഫലം, നാം പത്തുവര്‍ഷം പിറകിലായി.
അന്ന് രാഷ്‌ട്രീയരംഗത്തും സാങ്കേതികരംഗത്തും വികസനരംഗത്തും വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്തിട്ടും അവര്‍ക്ക് സത്യം ബോധ്യപ്പെട്ടില്ല. തൊഴിലാളികളുടെ പേര് പറഞ്ഞുള്ള രാഷ്‌ട്രീയ ദുശ്ശാഠ്യങ്ങളില്‍ അവര്‍ ഉറച്ചു നിന്നു. ഏറെ വൈകിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റുകള്‍ ബോധ്യപ്പെടുക. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ആ ബോധ്യപ്പെടലിന് അമേരിക്കയുടെ സഹായം വേണ്ടി വന്നു. എണ്‍പതുകളുടെ ഒടുവില്‍ അന്ന് വ്യവസായ മന്ത്രിയുടെ ഉപദേശകനായിരുന്ന കെ.പി.പി. നമ്പ്യാരാണ് ഐടി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഇ.കെ. നായനാരെ ഉപദേശിച്ചത്. അതനുസരിച്ച് വിവരസാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാന്‍ നായനാരും വ്യവസായമന്ത്രി ഗൗരിയമ്മയുമടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം ടെക്‌നോ പാര്‍ക്കെന്ന ആശയം രൂപപ്പെട്ടു. അമേരിക്കയിലെ ആപ്പിളിന്റെ ഫാക്ടറി സന്ദര്‍ശനമാണ് ഇങ്ങനെയൊരു ആശയത്തിന് കാരണമായതെന്ന് നായനാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന്റെ ഹാങ്ഓവറില്‍ ടെക്‌നോപാര്‍ക്ക് ആശയത്തിനെതിരെ സിപിഎമ്മിലും മന്ത്രിസഭയിലും എതിര്‍പ്പുകള്‍ രൂക്ഷമായിരുന്നെങ്കിലും നായനാരും ഗൗരിയമ്മയും ആശയവുമായി മുന്നോട്ടുപോയി. പിന്നീട് യുഡിഎഫ് ഭരണകാലത്ത് 1994ലാണ് ടെക്‌നോപാര്‍ക്കിന് തുടക്കമായത്. കമ്പ്യൂട്ടര്‍ വിരുദ്ധസമരം തെറ്റായിപ്പോയെന്ന് രണ്ടുമൂന്ന് വര്‍ഷം മുമ്പ് സിപിഎമ്മിന്റെ കേന്ദ്രസമിതി അംഗമായ പി.കെ. ശ്രീമതി പറഞ്ഞിരുന്നു.
ഐടി രംഗത്ത് ഇനിയും ഏറെ വളരാനിരിക്കുന്ന കേരളത്തില്‍ പോലും ഇന്ന് തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കമ്പ്യൂട്ടറുകളാണെന്ന സത്യം ഇപ്പോഴെങ്കിലും പിണറായിയും കൂട്ടരും തിരിച്ചറിയുന്നുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: