എട്ടു മേഖലകളില്‍ ഘടനാപരമായ സമഗ്ര പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളുമായി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജിന്റെ നാലാംഘട്ടം കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിക്കുകയുണ്ടായി. നേരത്തെ പ്രഖ്യാപിച്ച മൂന്നാംഘട്ട പാക്കേജ് കാര്‍ഷിക മേഖലയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും, തൊഴില്‍ മേഖലയ്ക്കും ഊന്നല്‍ കൊടുക്കുന്നതായിരുന്നെങ്കില് ശനിയാഴ്ച പ്രഖ്യാപിച്ച പാക്കേജ് സമ്പദ്വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗങ്ങളായ ചെറുകിട വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തന്നെ അത്യന്താപേക്ഷിതമായ മറ്റു പല നിര്‍ണായകമായ അടിസ്ഥാനമേഖലകള്ക്കും പ്രയോജനപ്പെടുന്നവയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.പാക്കേജിലൂടെ പ്രയോജനം ലഭിക്കുന്ന എട്ട് മേഖലകള്‍:
1) കല്‍ക്കരി, 2) ധാതുക്കള്‍, 3) പ്രതിരോധ ഉല്പാദനം, 4) സിവില്‍ ഏവിയേഷന്‍ (എയര്‍സ്പേസ് മാനേജ്മെന്റ്, മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍), 5) വൈദ്യുതി വിതരണ കമ്പനികള്‍, 6) സാമൂഹിക ഇന്‍ഫ്രാസ്ട്രക്ചര്‍, 7) സ്പേസ്, 8) ആണവോര്‍ജം.
മേല്പറഞ്ഞ എല്ലാ മേഖലകളിലും സ്വകാര്യമേഖലയുടെ നിക്ഷേപ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടാനാകുമെന്ന പ്രതീക്ഷകളാണ് സര്‍ക്കാരിനുള്ളത്. കൂടാതെ, ഈ മേഖലകളിലെല്ലാം ഘടനാപരമായ പരിഷ്കാരങ്ങളും കൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.
1. കല്‍ക്കരി മേഖല:
കല്‍ക്കരി മേഖലയില്‍ വാണിജ്യ ഖനനം അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ കുത്തക നിശ്ചിത നിരക്ക് വ്യവസ്ഥയില്‍ നിന്ന് മാറുന്നതിനായി വരുമാനം പങ്കിടല്‍ സംവിധാനം വഴി മത്സരം, സുതാര്യത, മേഖലയിലെ സ്വകാര്യ മേഖലാ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തും. ഈ പ്രഖ്യാപനം നടപ്പിലാക്കുന്ന ആദ്യഘട്ടത്തില്‍ ഏകദേശം 50 ബ്ലോക്കുകള്‍ ഉടനടി വാഗ്ദാനം ചെയ്യും. സര്‍ക്കാരിന്റെ കുത്തക നീക്കം ചെയ്യുന്നതിനായി കല്‍ക്കരിയില്‍ വാണിജ്യ ഖനനം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നതാണ് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം. ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 50,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചു.
2. പ്രതിരോധ മേഖല:
ഇറക്കുമതി നിരോധിക്കുന്നതിനുള്ള ആയുധങ്ങളുടെ/പ്ലാറ്റ്ഫോമുകളുടെ പട്ടിക സര്‍ക്കാര്‍ അറിയിക്കും. പ്രതിരോധ ഇറക്കുമതി ബില്‍ കുറയ്ക്കാന്‍ സഹായിക്കുക, ഇറക്കുമതി ചെയ്ത സ്പെയറുകളുടെ തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക, പ്രതിരോധ ഉല്പാദനത്തിനുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുക എന്നിവയാണ് ഈ മേഖലയിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍.
3. മേക്ക് ഇന്‍ ഇന്ത്യ സംരംഭം:
സോളാര്‍ ടിവി പോലുള്ള മേഖലകളില്‍ പുതിയ ചാമ്പ്യന്‍ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നൂതന ഗവേഷണ പദ്ധതികള്‍ ആരംഭിക്കുമെന്നതും, എല്ലാ വ്യവസായ പാര്‍ക്കുകളും 2020-21 വരെ റാങ്ക് ചെയ്യുമെന്നുമുള്ള പ്രഖ്യാപനവും വളരെ സ്വാഗതാര്‍ഹമാണ്. കാരണം, ഇന്നത്തെ സാഹചര്യത്തില്‍, വ്യവസായികോല്പാദനം കൂടുതല്‍ കാര്യക്ഷമമാക്കണമെങ്കില്‍ പരമ്പരാഗതമായ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും, ഇറക്കുമതിയുടെ തോത് ക്രമീകരിക്കുകയും അത്യാവശ്യമാണ്. അതോടൊപ്പം തന്നെ പ്രതിരോധം പോലുള്ള നിര്‍ണായക മേഖലകളില്‍ മേക്ക് ഇന്‍ ഇന്ത്യ സംരംഭങ്ങളുടെ വര്‍ദ്ധിച്ച പ്രാധാന്യവും പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
4. സിവില്‍ വ്യോമയാനം:
വ്യോമയാന മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ വ്യോമമേഖലയുടെ 60 ശതമാനം മാത്രമേ ഇപ്പോള്‍ സൗജന്യമായി ലഭ്യമാകുന്നുള്ളൂ. മാത്രമല്ല, കൂടുതല്‍ ദൂരങ്ങള്‍ താണ്ടിയുള്ള റൂട്ടുകളിലൂടെയാണ് നമ്മള് മിക്ക സ്ഥലങ്ങളിലേക്കും പറക്കുന്നത്. അതിനാല്‍ കൂടുതല്‍ ഇന്ധനം ഈ പ്രക്രിയയില്‍ ഉപയോഗിക്കപ്പെടുകയും ഉപയോക്താക്കള്‍ കൂടുതല്‍ പണം നല്കേണ്ടിവരികയും ചെയ്യുന്നു. സിവിലിയന്‍ വിമാനങ്ങളുടെ പറക്കല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ പ്രതിവര്‍ഷം 1000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കും.
പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ ആറ് വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തനസജ്ജമാക്കാനും പ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ട്. മികച്ച ലോകോത്തര സൗകര്യങ്ങള്‍ക്കായി 12 വിമാനത്താവളങ്ങളില്‍ അധിക നിക്ഷേപം അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 12 വിമാനത്താവളങ്ങളില്‍ ഒന്നും രണ്ടും ഘട്ട നിക്ഷേപത്തിന് 13,000 കോടി രൂപ വകയിരുത്തും.
5. ഊര്‍ജ്ജ വിതരണ കമ്പനികള്‍:
കേന്ദ്രഭരണ പ്രദേശങ്ങളില്‍, ഊര്‍ജ്ജ വിതരണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ വിതരണ സമ്പ്രദായം കാര്യക്ഷമമാക്കാനും അതുവഴി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, വ്യവസായ പ്രമോഷന് മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കനും കഴിയുമെന്ന് പ്രഖ്യാപനം വിലയിരുത്തുന്നു. സുസ്ഥിരമായ ഊര്‍ജവിതരണവും അതിനുതകുന്ന തരത്തിലുള്ള പുതിയ താരിഫ് നയം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
6. ബഹിരാകാശം:
ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉപഗ്രഹങ്ങള്‍, വിക്ഷേപണങ്ങള്‍, ബഹിരാകാശ സേവനങ്ങള്‍ എന്നിവയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ലെവല്‍ പ്ലേയിങ് ഫീല്‍ഡ് നല്കാന് സര്‍ക്കാര്‍ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇസ്റോ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
7. ആണവോര്‍ജവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍:
ഇന്ത്യയുടെ ശക്തമായ സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റത്തെ ന്യൂക്ലിയര്‍ മേഖലയുമായി ബന്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങളും സാങ്കേതിക സംരംഭകരും തമ്മിലുള്ള സമന്വയം വളര്‍ത്തുന്നതിനായി ടെക്നോളജി ഡെവലപ്മെന്റ് കം ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുക, സ്വകാര്യ മേഖലയ്ക്ക് അവരുടെ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇസ്റോ സൗകര്യങ്ങളും മറ്റ് പ്രസക്തമായ ആസ്തികളും ഉപയോഗിക്കാന്‍ അനുവദിക്കുക, ഗ്രഹപര്യവേക്ഷണം, ബഹിരാകാശ യാത്ര തുടങ്ങിയവക്കുള്ള ഭാവി പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കായി അനുവദിക്കുക എന്നിവ നിര്‍ണായക തീരുമാനങ്ങളാണ്.
രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഇടിവ് പരിഹരിക്കുന്നതിനും അധിക ചെലവുകള്‍ക്കുമായി മുന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന 7.8 ലക്ഷം കോടിയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വായ്പപദ്ധതി 12 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. കൂടാതെ, സാങ്കേതികവിദ്യ ഉപയോഗിച്ച് ലാന്‍ഡ് പാര്‍സലുകള്‍ ജിഐഎസ് ഉപയോഗിച്ച് മാപ്പു ചെയ്യുമെന്നും അവ ശരിയായി ഉപയോഗിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 5 ലക്ഷം ഹെക്ടറില്‍ കൂടുതല്‍ 3,376 വ്യാവസായിക പാര്‍ക്കുകള്‍ ജിഐഎസ് മാപ്പു ചെയ്യുക വഴി നിക്ഷേപകര്‍ക്ക് ഉചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും.
അങ്ങനെ ഇൗ ഘടനാപരമായ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. രാജ്യം കൂടുതല്‍ ശക്തമാകുകയും ആഗോള വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഖ്യാപനത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
ഡോ. പി.കെ വിശ്വനാഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: