കല്‍പ്പറ്റ: ആശ്വാസത്തിന്റെ നാളുകള്‍ പൊടുന്നനെയാണ് ആശങ്കയുടെ ദിനങ്ങളായത്. കൊറോണയുടെ ആദ്യ ഘട്ടത്തിന് ശേഷം ആശ്വാസത്തിലായിരുന്ന വയനാട് ഇപ്പോള്‍ സമൂഹവ്യാപന ഭീതിയിലാണ്. ഒരു മാസം ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
എന്നാല്‍, ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചിത്രം മാറി. ഇപ്പോള്‍ വയനാട്ടില്‍ ദിവസം ചെല്ലുംതോറും കേസുകള്‍ കൂടി വരുന്നു. ലോറിഡ്രൈവറുടെ സമ്പര്‍ക്കത്തിലൂടെ ആദ്യം രോഗം പിടിപെട്ടത് ഭാര്യക്കും അമ്മയ്ക്കും ലോറിയിലെ ക്ലീനറുടെ മകനും. അതിനു ശേഷം ക്ലീനറുടെ മകന്റെ കൂട്ടുകാരനും രോഗം സ്ഥിരീകരിച്ചു. ഈ യുവാവിന് കഞ്ചാവ് വില്പ്പനയുള്ളതായി കണ്ടെത്തിയതോടെ ആശങ്ക കൂടി.
മെയ് 11ന് ലോറിഡ്രൈവറുടെ മകളുടെ 11 മാസം മാത്രമായ കുഞ്ഞിനും മെയ് 13ന് ലോറിഡ്രൈവറുടെ മകള്‍ക്കും അഞ്ച് വയസുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. അന്ന് തന്നെ ജില്ലയില്‍ രണ്ട് പോലീസുകാര്‍ക്കും രോഗം കണ്ടെത്തി. ഇവര്‍ മറ്റു ജില്ലകളില്‍ നിന്ന് വയനാട്ടില്‍ ഡ്യൂട്ടിക്ക് എത്തിയവരാണ്. പിറ്റേന്ന് വള്ളിയൂര്‍ക്കാവ് സ്വദേശിയായ ഒരു പോലീസുകാരനും ലോറിഡ്രൈവറുടെ മകനും മരുമകനും
രോഗം പിടിച്ചു. മൂന്നു പോലീസുകാര്‍ക്കും ക്ലീനറുടെ മകന്റെ കൂട്ടുകാരനിലൂടെയാണ് രോഗം പകര്‍ന്നത്. കഞ്ചാവ് കേസില്‍ യുവാവിനെ ചോദ്യം ചെയ്ത പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ മാനന്തവാടി പോലീസ് സ്റ്റേഷനിലുള്ള പോലീസുകാര്‍ ഹോം ക്വാറന്റൈനില്‍ പോയി. രണ്ട് കോടതികളും, പോലീസ് സ്റ്റേഷനും അടച്ചു.
ലോറിഡ്രൈവറുടെ മകളുടെ സമ്പര്‍ക്കത്തിലൂടെ ഒരു വയസുള്ള കുട്ടിക്കും മരുമകന്റെ സമ്പര്‍ക്കത്തിലൂടെ അയാളുടെ കൂട്ടുകാരനും രോഗം പകര്‍ന്നു. ലോറിഡ്രൈവറുടെ മരുമകന്റെ കടയില്‍ എത്തിയ സര്‍വാണി, കൊല്ലി, കുണ്ടറ എന്നീ കോളനിയിലെ ആളുകളെ നിരീക്ഷണത്തിലാക്കി. ഇതോടെ വയനാട്ടില്‍ ലോറിഡ്രൈവറുടെ സമ്പര്‍ക്കത്തിലൂടെയും അല്ലാതെയുമായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല്‍പ്പതോളം പ്രദേശവാസികളെ വീട്ടില്‍ നീരീക്ഷണത്തിലാക്കി. പോലീസ് മേധാവി ഉള്‍പ്പെടെ 140 നിയമപാലകരും നിരീക്ഷണത്തിലാണ്.
അടുത്ത പോസിറ്റീവ് കേസ് ചീരാല്‍ സ്വദേശിയായ 29 വയുകാരനാണ്. മെയ് ഏഴിന് തമിഴ്നാട്ടിലെ കോയമ്പേട് നിന്നെത്തിയ ഇദ്ദേഹത്തിന്റെ സഹോദരനില്‍ നിന്നാണ് രോഗബാധയുണ്ടായത്. ഇയാള്‍ ക്വാറന്റൈന് ലംഘിച്ചു. ഇതോടെ 102 പേര് നിരീക്ഷണത്തിലായി. രോഗം സ്ഥിരീകരിച്ച പനവല്ലി സ്വദേശി 36 വയുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 78 പേരുണ്ട്. അറുനൂറിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: