പേരാമ്പ്ര: ചെങ്ങോടുമല ക്വാറിക്ക് അനുമതി നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നീക്കത്തിനെതിരെ ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ക്വാറികമ്പനി തന്നെ തട്ടികൂട്ടിയ പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. ഇന്ന് വൈകീട്ട് 6. 30 മുതല്‍ 7 മണി വരെ നാട്ടുകാര്‍ ചെങ്ങോടുമല സംരക്ഷണ സമര ജ്വാല സംഘടിപ്പിക്കും.
നാളെ നാലാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കോട്ടൂര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപകമായ ഈ സമയത്ത് തന്നെ അനധികൃത മാര്‍ഗത്തിലൂടെ ക്വാറിക്ക് അനുമതി നല്കാന് ശ്രമം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി ഈ മാസം 31 ന് വിരമിക്കാനിരിക്കെ 20 ന് സംസ്ഥാന ഏകജാലക ബോര്‍ഡ് യോഗം വിളിച്ച് ലൈസന്‍സ് നല്‍കാനുള്ള നീക്കം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
നേരത്തെ നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയിട്ടും വീണ്ടും അനധികൃത മാര്‍ഗത്തിലൂടെ അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ക്വാറി പ്രവര്‍ത്തന പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്ദുരിതത്തിലാവുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: