തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടം കരുണാപുരം സ്വദേശിയായ ബേക്കറി ഉടമയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ മെയ് മൂന്നുവരെ വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം ഏപ്രില്‍ അവസാനം സമീപത്തെ റേഷന്‍കടയിലും മലഞ്ചരക്ക് കടയിലും പോയിരുന്നു.
ഈ മാസം മൂന്നിന് സ്വന്തം ഓട്ടോറിക്ഷയില്‍ പോയി പുറ്റടിയിലെ ബേക്കറി ശുചീകരിച്ചു. നാലുമുതല്‍ പത്തുവരെ തീയതികളില്‍ സ്വന്തം ഓട്ടോറിക്ഷയിലെത്തി പുറ്റടിയിലെ ബേക്കറി രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവര്‍ത്തിപ്പിച്ചു. 11ന് രാവിലെ 10.30ന് സ്രവം പരിശോധനയ്ക്ക് നല്‍കുന്നതിനായി സ്വന്തം ഓട്ടോറിക്ഷയില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തി. പിന്നീട് കട്ടപ്പനയിലെ മാളിയേക്കല്‍ ഏജന്‍സി, ഇ.എം. ബേബി ഏജന്‍സി, പുളിയന്‍ മലയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും എത്തി. 12 നും 13നും സ്വന്തം ഓട്ടോറിക്ഷയില്‍ പുറ്റടിയിലെത്തി രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ചുവരെ ബേക്കറി തുറന്ന് പ്രവര്‍ത്തിപ്പിച്ചു.
14ന് രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയും ബേക്കറിയിലുണ്ടായിരുന്നു. പിന്നീട് സ്രവപരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹം എത്തിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും സമ്പര്‍ക്കം പുലര്‍ത്തിയവരും കണ്ട്രോള് സെല്ലുമായോ ഹെല്പ് ഡെസ്ക്കുമായോ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കണ്‍ട്രോള്‍സെല്‍ ഫോണ്‍: 04862-233130,233111. ഹെല്പ് ഡെസ്ക്ക് ഫോണ്‍: 04862-232221, 233118.
വീണ്ടും നിരീക്ഷണത്തിലാക്കി
മൂന്നാര്‍: മൂന്നാറില്‍ കൊറോണ നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് വീണ്ടും ക്വാറന്റൈനിലാക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മൂന്നാര്‍ സ്വദേശി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.ഇയാളും കുടുബവും കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു.
ഡിഐജി പരിശോധന നടത്തി
നെടുങ്കണ്ടം: സൗത്ത് സോണ്‍ ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ അതിര്‍ത്തി മേഖലകളില്‍ പരിശോധന നടത്തി. കുമളി, കമ്പംമെട്ട്, രാമക്കല്‍മെട്ട് എന്നിവിടങ്ങളിലാണ് ഡിഐജി സന്ദര്‍ശനം നടത്തിയത്. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ഭാഗമായി അതിര്‍ത്തി മേഖലയില്‍ ജില്ല പൊലീസ് സ്വീകരിച്ചിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ ഡിഐജി പരിശോധിച്ചു. കമ്പംമെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കേറിയിരുന്നു. കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെ അരി, പച്ചക്കറി വാഹനങ്ങള്‍ തമിഴ്നാട്ടില്‍ പോയി ലോഡ് എത്തിക്കാന്‍ സൗകര്യം ക്രമീകരിച്ചതോടെയാണ് തിരക്ക് വര്‍ധിച്ചത്. കരുണാപുരം പഞ്ചായത്തില്‍ വ്യാഴാഴ്ച ഗൃഹനാഥനു കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടില്‍ നിന്ന് എത്തിയ ലോറി ഡ്രൈവര്‍ ബേക്കറി ഉടമയായ ഗൃഹനാഥന്റെ കടയില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണം പരിശോധിക്കാനാണ് ഡിഐജി കമ്പംമെട്ടില്‍ സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: