ന്യൂദല്‍ഹി: കൊറോണക്കാലത്തെ പ്രതിസന്ധികള്‍ മറികടക്കാനും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വേഗത്തിലാക്കാനും വന്‍തോതില്‍ വിദേശ നിക്ഷേപമാര്ജ്ജിക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇതിന്റെ ഭാഗമായി നയങ്ങള്‍ പരിഷ്കരിച്ച് കേന്ദ്ര സര്‍ക്കാര്‍, കല്‍ക്കരി, ധാതു, പ്രതിരോധ ഉത്പാദനം, വ്യോമയാനം, വിമാനത്താവളങ്ങള്‍, എംആര്‍ഒ, വൈദ്യുതി വിതരണ കമ്പനികള്‍, ബഹിരാകാശം, ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് തീരുമാനിച്ചു.
ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യവസായ മേഖലയില്‍ അടിസ്ഥാന സൗകര്യം ഉയര്‍ത്തുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20 ലക്ഷം കോടി പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ തയാറെടുക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.
കല്‍ക്കരിയില്‍ സ്വയംപര്യാപ്തത അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി
വാണിജ്യാടിസ്ഥാനത്തില്‍ ഖനനം ആരംഭിക്കും. കല്‍ക്കരി ഇറക്കുമതി കുറച്ച് ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം. വരുമാനം പങ്കിടുന്ന തരത്തില്‍ മത്സരം, സുതാര്യത, സ്വകാര്യമേഖല പങ്കാളിത്തം എന്നിവ നടപ്പാക്കും. പ്രവേശന മാനദണ്ഡങ്ങള്‍ ഉദാരവല്ക്കരിക്കും. 50 ബ്ലോക്കുകള്‍ ഉടന്‍ വാഗ്ദാനം ചെയ്യും. ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. മുന്‍പരിചയം ആവശ്യമില്ല. മുന്‍കൂര്‍ പണമൊടുക്കണം. 50,000 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും. കല്‍ക്കരി നീക്കാന്‍ യന്ത്രവത്കൃത സംവിധാനം.
ധാതുഖനനത്തില്‍ കാര്യക്ഷമത അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി
ക്യാപ്റ്റീവ് ഖനിയും നോണ്‍ ക്യാപ്റ്റീവ് ഖനിയും തമ്മിലുള്ള വേര്‍തിരിവ് നീക്കും. ഖനനത്തിനുള്ള ഉടമ്പടികള്‍ കൈമാറ്റം ചെയ്യാനും അധികം വരുന്ന ഉപയോഗിക്കാത്ത ധാതുക്കള്‍ വില്‍ക്കാനും ഖനനത്തിലും ഉത്പാദനത്തിലും കൂടുതല്‍ കാര്യക്ഷമത കൊണ്ടു വരാനും ഇതിലൂടെ സാധിക്കും. ഖനനം, ഉത്പാദനം തുടങ്ങി ധാതു മേഖലയുമായി ബന്ധപ്പെട്ടവക്ക് ഒറ്റ ലൈസന്‍സ്. അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപ. ലൈസന്‍സുകള്‍ കൈമാറാനുള്ള അവസരം. സ്റ്റാംപ് ഡ്യൂട്ടി നീതിയുക്തമാക്കും.
പ്രതിരോധിക്കാന്‍ സ്വന്തം ആയുധം
സ്വയംപര്യാപ്തതയ്ക്ക് ‘മേക്ക് ഇന്‍ ഇന്ത്യ’. പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനത്തില്‍നിന്നും 74 ശതമാനമാക്കി. ഇറക്കുമതി നിരോധിക്കേണ്ട ആയുധങ്ങളുടെയും മറ്റും പട്ടിക വര്‍ഷം തോറും തയാറാക്കും. ഇറക്കുമതി ചെയ്യേണ്ട വസ്തുക്കളുടെ സ്വദേശിവല്‍ക്കരണം. ആഭ്യന്തര മൂലധന സംഭരണത്തിനായി ബജറ്റില്‍ പ്രത്യേക വ്യവസ്ഥ. പ്രതിരോധ ഇറക്കുമതി ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു സ്വയംഭരണാധികാരം നല്‍കും.
വ്യോമമേഖല വളരും ആകാശത്തോളം
ഇന്ത്യന്‍ വ്യോമമേഖലയുടെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. വ്യോമമേഖല ഉപയോഗിക്കാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. ഇതിലൂടെ വിമാനയാത്രാ ചെലവ് വര്‍ഷം 1000 കോടി രൂപ കുറയും. ഇന്ധന ഉപയോഗവും യാത്രാസമയവും പാരിസ്ഥിതിക ആഘാതവും കുറയും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് വിമാനത്താവളങ്ങളെ പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ വികസിപ്പിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങളുടെ ലേല നടപടികള്‍ ആരംഭിക്കും. ഒന്നും രണ്ടും റൗണ്ടുകളില്‍ 12 വിമാനത്താവളങ്ങളിലായി സ്വകാര്യ കമ്പനികള്‍ അധികമായി 13,000 കോടി രൂപ നിക്ഷേപിക്കും. മൂന്നാം റൗണ്ട് ലേലത്തിനായി മറ്റ് 6 വിമാനത്താവളങ്ങളെ കൂടി ഉള്‍പ്പെടുത്തും.
വൈദ്യുതി വിതരണം ചെയ്യാന്‍ സ്വകാര്യ കമ്പനികളും
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കമ്പനികള്‍ സ്വകാര്യവത്കരിക്കും. പരിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള താരിഫ് നയം പുറത്തിറക്കും. വിതരണ കമ്പനികള്‍ ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കണം. ലോഡ് ഷെഡ്ഡിങ്ങിന് പിഴയീടാക്കും. കമ്പനികള്‍ക്ക് സേവന നിലവാരങ്ങളും അനുബന്ധ പിഴയും. ക്രോസ് സബ്സിഡികളില്‍ പടിപടിയായി കുറവ്. കമ്പനികള്‍ക്ക് സമയത്ത് പേയ്മെന്റ്. സബ്സിഡിക്ക് നേരിട്ടുള്ള പണക്കൈമാറ്റം. സ്മാര്‍ട്ട് പ്രീപെയ്ഡ് മീറ്ററുകള്‍.
ബഹിരാകാശ രംഗത്ത് സ്വകാര്യ സംരംഭകരും
ബഹിരാകാശ പര്യവേഷണം, സാറ്റലൈറ്റ് ലോഞ്ച്, ഉപഗ്രഹ വിക്ഷേപണം എന്നിവയില്‍ സ്വകാര്യ കമ്പനികള്‍ക്കും അവസരം. എന്നാല്‍ നിയന്ത്രണം ഐഎസ്ആര്‍ഒയ്ക്കായിരിക്കും. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താം. ഇതിന് നയവും നിയന്ത്രണവും വരും.
ആണവോര്‍ജ്ജവും ചെലവു കുറഞ്ഞ കാന്‍സര്‍ ചികിത്സയും
മെഡിക്കല്‍ ഐസോടോപ്പുകളുടെ ഉത്പാദനത്തിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റിസര്‍ച്ച് റിയാക്ടര്‍ സ്ഥാപിക്കും. ഇതിലൂടെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ചികിത്സ. ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കുന്നതിന് വികിരണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കും. ഇന്ത്യയുടെ കരുത്തുറ്റ സ്റ്റാര്‍ട്ട് അപ്പ് വ്യവസ്ഥയെ ആണവ രംഗവുമായി ബന്ധിപ്പിക്കും. ഗവേഷണ സംവിധാനങ്ങളും സാങ്കേതിക സംരംഭകരും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ ടെക്നോളജി ഡവലപ്മെന്റ് കം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.
സാമൂഹിക അടിസ്ഥാന സൗകര്യം
പുതുക്കിയ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് സ്കീം വഴി സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. ഇതിനായി 8100 കോടി രൂപ. പദ്ധതി ചെലവിന്റെ 30 ശതമാനം വരെ കേന്ദ്ര, സംസ്ഥാന വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിലൂടെ സര്‍ക്കാര്‍ നല്‍കും. മറ്റ് മേഖലകളില്‍ 20 ശതമാനത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് സഹായം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: