കുമളി: രാവിലെ വീട്ടിലെ പാചക വാതക സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് ഏജന്‍സിയിലേക്ക് സിലിണ്ടര്‍ മാറ്റിയെടുക്കുവാന്‍ സ്വന്തം ഓട്ടോറിക്ഷയില്‍ പോയ യുവാവിനെതിരെ പോലീസ് കേസെടുത്തു, മക്കള്‍ ദിവസം മുഴുവന്‍ പട്ടിണിയിലായി. കുമളിയിലാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ സമീപനം മൂലം രതീഷ് മണി എന്ന ചെറുപ്പക്കാരന് ഒരു പകല്‍ മുഴുവന്‍ സ്റ്റേഷനില്‍ കഴിയേണ്ടി വന്നതും, ഇയാളുടെ കുടുംബം ഭക്ഷണം പാകം ചെയ്ത് കഴിക്കാനാതെ ബുദ്ധിമുട്ടിയതും.
ശനിയാഴ്ച രാവിലെ രതീഷ് പാചക വാതക സിലിണ്ടറുമായി സ്വന്തം വാഹനത്തില്‍ പോകവെ ടൗണില്‍ വച്ച് പോലീസ് പട്രോളിഗ് സംഘം പിടികൂടിയത്. താന്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിച്ചെങ്കിലും വണ്ടി സ്റ്റേഷനിലേക്ക് മാറ്റുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും രതീഷ് പറയുന്നു. പിഴയടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും നിയമപാലകര്‍ വഴങ്ങിയില്ല. കൊടും ചൂടില്‍ പോലീസ് സ്റ്റേഷന് മുറ്റത്ത് മണിക്കൂറുകളോളം ചിലവഴിച്ചതിന് ശേഷവും നടപടിയുണ്ടായില്ല. ഒടുവില്‍ മക്കള്‍ പട്ടിണിലാകുമെന്ന് തിരിച്ചറിഞ്ഞ യുവാവ് ഫേസ് ബുക്കിലൂടെ തന്റെ നിസ്സഹായവസ്ഥ ലോകത്തെ അറിയിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കള്‍ സഹായഹസ്തവുമായി രതീഷിന്റെ വീട്ടിലെത്തി. അവര്‍ തന്നെ പണം പിരിച്ചെടുത്ത് സ്റ്റേഷനില്‍ പിഴയടച്ചു. ഒടുവില്‍ ഉച്ച കഴിഞ്ഞ് മൂന്നരയോടെ വീട്ടിലേക്ക് മടങ്ങാനായി. ലോക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ ചെയ്യാത്തതിനാല്‍ രണ്ട് മാസമായി വരുമാനമില്ലാത്ത സ്ഥിതിയിലായിരുന്നു രതീഷ്. എന്നാല്‍ മുഴുവന്‍ സമയവും സന്നദ്ധ പ്രവര്‍ത്തനവുമായി സ്വന്തം വാര്‍ഡില്‍ സജീവമായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ കടം വാങ്ങിയ പണവുമായി പാചക വാതക സിലിണ്ടര്‍ മാറ്റിയെടുക്കുവാന്‍ പോകുന്ന സമയത്താണ് പോലീസിന്റെ ക്രൂരത.
ഇക്കാരണത്താല്‍ സ്വന്തം മക്കള്‍ക്ക് ബിസ്ക്കറ്റ് വാങ്ങി നല്കുവാന് നവ മാധ്യമം വഴി ലോകത്തോട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു ഈ ചെറുപ്പക്കാരന്. ഓട്ടോറിക്ഷകള്‍ ടാക്സി സവാരികള്‍ക്കായി നിരത്തിലിറങ്ങരുതെന്നാണ് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അധികൃതര്‍ തന്നെ ഉത്തരവുകള്‍ തെറ്റായി നിര്‍വ്വചിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: