തിരുവല്ല: കൊറോണ കാലത്ത് പൈനാപ്പിൾ കർഷകരും ദുരിതത്തിലാണ്. പൈനാപ്പിളിന് വിപണിയില്ലാതായതോടെ തെരുവ് കച്ചവടക്കാരായി മാറിയിരിക്കുകയാണ് കർഷകർ. സംസ്ഥാനത്തെ പ്രധാന പൈനാപ്പിൾ വിപണിയായ പത്തനംതിട്ട പ്രദേശങ്ങളിൽ പോലും പൈനാപ്പിൾ വാങ്ങാതായതോടെ തങ്ങൾ ഉത്പാദിപ്പിച്ചവ വാഹനങ്ങളിൽ കയറ്റി ടൗണുകളിലെ തെരുവോരങ്ങളിൽ കിട്ടുന്ന വിലയ്ക്ക് വിൽക്കുകയാണിപ്പോൾ കർഷകർ.
അഞ്ചുകിലോയ്ക്ക് 100 രൂപക്കാണ് വിൽക്കുന്നത്. എല്ലാ ചെലവും കഴിഞ്ഞാൽ 15 രൂപ പോലും കർഷകന് ലഭിക്കുന്നില്ല. തൊഴിലാളികൾക്ക് ഉയർന്നകൂലിയും വളത്തിനും മറ്റു ചെലവായ തുകയും സ്ഥലത്തിന്റെ പാട്ടവും കഴിച്ചാൽ ഈ വർഷം ഓരോ കർഷകനും പറയാൻ ബാക്കിയുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ്. ബാങ്ക് വായ്പ എടുത്തും പണം കടം വാങ്ങിയും കൃഷി നടത്തിയ കർഷകർ വിളവെടുപ്പ് സീസൺ കാത്തിരിക്കുമ്പോഴായിരുന്നു പ്രതീക്ഷകളെ തകർത്ത് കോവിഡെത്തിയത്. ഇതോടെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിപണിയും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: