തിരുവനന്തപുരം: സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് എല്ലാവരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരുതല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. സുരക്ഷിതമായ ശാരീരിക അകലം പാലിക്കലും മറ്റു സരുക്ഷാ ക്രമീകരണങ്ങള്‍ പാലിക്കലും നിര്‍ബന്ധമാണ്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാനേ പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുകയാണ്. നിരീക്ഷണത്തിലുളളവരുടെ വീടുകളിലും സമീപത്തും പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ശനിയാഴ്ചത്തെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോ എന്ന കാര്യം ആലോചിക്കും. നാളത്തേതില്‍ മാറ്റമുണ്ടാകില്ല. ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണായി തന്നെ തുടരും.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ഇന്ന് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 53 കേസുകളും കാസര്‍കോട് 11 കേസുകളും കോഴിക്കോട് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. അതിര്‍ത്തികളിലെയും ചെക്ക്പോസ്റ്റുകളിലെയും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് അധികമായി പൊലീസുകാരെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: