തിരുവനന്തപുരം: ഇന്ത്യയില്‍ ആരോഗ്യ രംഗത്ത് കേരളമാണ് നമ്പര്‍ വണ്‍ ആയതിനുള്ള ക്രിഡിറ്റ് തിരുവിതാംകൂര്‍ കൊട്ടാരത്തിനുള്ളതാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂര്‍ മഹാരാജാവാണ്. വാക്സിന് കേരളത്തില്‍ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്.
അത് കഴിഞ്ഞ് ക്രിസ്ത്യന്‍ മിഷണറിമാര്‍ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സര്‍ക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സര്‍ക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു. ഒടുവില്‍ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവണ്മെന്റുകള്ക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നല്‍ കൊടുത്തത്.
റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടര്‍ച്ചയായി വന്ന വിവിധ ജനകീയ സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തില്‍ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്. സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത വിധത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോള്‍ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങള്‍ ഒരു സര്‍ക്കാരും നിര്‍ത്തിയിട്ടില്ല എന്നാണ്.
അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സര്‍ക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു. അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണമെന്ന് അഴിമുഖം ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി. കേരള മോഡലില്‍ വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ടന്നും അദേഹം അഭിമുഖത്തില്‍ പറയുന്നു. കൊറോണ ബാധയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി രക്ഷപ്പെട്ട് നില്ക്കുന്ന സംസ്ഥാനമാണെങ്കിലും കേരളം ഇപ്പോഴും കരകയറിയിട്ടില്ലെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: