നെയ്യാറ്റിന്‍കര: സാബുവിന്റെ മടങ്ങിവരവിന് കാതോര്‍ത്ത് ഒരു ഗ്രാമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ വെണ്‍പകല്‍ കോവില്‍ വിളാകത്തു മേലെ പുത്തന്‍വീട്ടില്‍ തങ്കരാജ്-ഉഷ ദമ്പതികളുടെ മകനായ സാബു (19) ന്റെ രോഗദുരിതത്തിന് ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. ജനനം മുതല്‍ സാബുവിന്റെ കൂടെ കൂടിയതാണ് ഹൃദയസംബന്ധമായ രോഗം.
തിരുവനന്തപുരം എസ്എടിയില്‍ ജനനശേഷം തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. ഡോക്ടര്‍മാര്‍ ഓപ്പറേഷന് നിര്‍ദേശിച്ചെങ്കിലും ചികിത്സാ ചെലവിന് പണമില്ലാത്തതു കൊണ്ട് മകന്റെ ഓപ്പറേഷന് മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സാബു രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രോഗം അതീവ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ ഓപ്പറേഷന് വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നല്കിയ നിര്‍ദേശം. എന്നാല്‍ മകനെ ചികിത്സിക്കേണ്ട പണം ഇന്നും ഈ കുടുംബത്തിന് ഇല്ല. ഉഷ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം പട്ടിണിയില്ലാതെ പോകുന്നത്.
രോഗബാധിതനായ തങ്കരാജിന് ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പഠിക്കണമെന്നുണ്ട് എന്ന് സാബു അമ്മയോട് പലപ്പോഴും പറയും. മകന്റെ ആഗ്രഹം നടപ്പിലാക്കാന്‍ അമ്മ സ്കൂളില്‍ കൊണ്ടുപോയി. എന്നാല്‍ പലപ്പോഴും രോഗം ബുദ്ധിമുട്ടിച്ചതു കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഓപ്പറേഷന് കഴിഞ്ഞ് രോഗം മാറി എത്തിയ ഉടനെ താന്‍ പഠിക്കാന്‍ പോകുമെന്നും നല്ലൊരു ജോലി വാങ്ങിക്കുമെന്നാണ് സാബു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിയാവുന്ന ഗ്രാമവാസികള്‍ സഹായിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഏഴു ലക്ഷത്തിലധികം രൂപ ഇനിയും വേണം.
ചികിത്സയ്ക്ക് വേണ്ട പണം കനിവുള്ളവര്‍ നല്‍കണമെന്ന അപേക്ഷയാണ് ഈ കുടുംബത്തിനുള്ളത്. പണം നല്കാന് ആഗ്രഹിക്കുന്നവര്‍ക്കായി കമുകിന്‍കോട് കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉഷ കെ. അക്കൗണ്ട് നമ്പര്‍: 1566119082451. IFSC CODE: C-N-R-B0001566
പ്രതികരിക്കാൻ ഇവിടെ എഴുതുക: