ന്യൂദല്‍ഹി: കൊറോണയും ലോക്ഡൗണും മൂലമുണ്ടായ പ്രതിസന്ധി മറികടക്കാനും ചൈനയെ പിന്തള്ളി ലോക വിപണി പിടിച്ചെടുക്കാനും ഉതകുന്ന ശക്തമായ നടപടികളുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിന് ഉപകരിക്കുന്ന സഹസ്ര കോടികളുടെ പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇന്നലെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ആദ്യ ഘട്ടമാണ് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ചത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട ഇടത്തരം സംരംഭങ്ങളെ കരകയറ്റുകയും അവയുടെ സഹായത്തോടെ ലോക വിപണി പിടിച്ചെടുക്കുകയുമാണ് പ്രഥമ ലക്ഷ്യം.
മൂന്നു ലക്ഷം കോടിയുടെ വായ്പ
സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഈടില്ലാതെ വായ്പ്പ നല്കാന് മൂന്നു ലക്ഷം കോടി രൂപ മാറ്റിവച്ചു. 100കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക്, നാലുവര്‍ഷം കാലാവധിയുള്ള, വായ്പ്പയ്ക്ക് അപേക്ഷിക്കാം. ഇതിന് ഒരുവര്‍ഷത്തെ മൊറട്ടോറിയവുമുണ്ട്. ഒക്ടോബര്‍ 31വരെയാണ് പദ്ധതി. കൊറോണ ലോക്ഡൗണ്‍ മൂലം കൈയില്‍ പണമില്ലാതായ, 45 ലക്ഷം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ബിസിനസ് വിപുലീകരിക്കാനും കോടിക്കണക്കിനാളുകളുടെ ജോലി സുരക്ഷിതമാക്കാനും ഇതുവഴി പണം ലഭിക്കും.
കടം തീര്‍ക്കാന്‍ 20,000കോടി
തകര്‍ച്ചയിലായ എംഎസ്എംഇകള്‍ക്ക് 20,000 കോടി രൂപയുടെ പ്രത്യേക വായ്പ നല്‍കും. രണ്ടുലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് വായ്പ നല്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4,000 കോടിരൂപയുടെ സഹായവും കേന്ദ്രം നല്‍കും. വായ്പകള്‍ക്ക് ഗ്യാരന്റിയും നല്‍കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കും. ഇതിന് 50,000 കോടിരൂപയുടെ സഹായവും നല്‍കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനവും പൊളിച്ചെഴുതി. മുതല്‍ മുടക്ക് കണക്കാക്കിയാണ് നേരത്തെ ഇവയുടെ ഗണം നിശ്ചയിച്ചിരുന്നത്. ഇനി മേല്‍ മുടക്കു മുതലും വിറ്റുവരവും കണക്കിലെടുത്താകും ഇവയുടെ ഗണം നിശ്ചയിക്കുക. ഇതു വഴി ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കും.
സ്വാശ്രയത്വം
വിദേശ ഉത്പന്നങ്ങള്‍ വാങ്ങുന്നത് കുറയ്ക്കും. സ്വാശ്രയത്വം നേടാനും ഇന്ത്യന്‍ സ്ഥാപനങ്ങളെ, വിദേശ കമ്പനികളുടെ കഴുത്തറുപ്പന്‍ മത്സരങ്ങളില്‍ നിന്ന് രക്ഷിക്കാനും നടപടി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളും വസ്തുക്കളും മറ്റും വാങ്ങാനുള്ള 200 കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ നിന്ന് വിദേശകമ്പനികളെ ഒഴിവാക്കി. ഇതിന് പൊതു സാമ്പത്തിക ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഇത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്തു പകരും. സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും എംഎസ്എംഇയ്ക്ക് നല്‍കേണ്ട തുകകള്‍ 45 ദിവസത്തിനകം വിതരണം ചെയ്യും.
മറ്റു പ്രഖ്യാപനങ്ങള്‍
ഇപിഎഫ്
നൂറു ജീവനക്കാര്‍ വരെയുള്ള കമ്പനികളുടെ ഇപിഎഫ് വിഹിതങ്ങള്‍ മൂന്നു മാസം കൂടി കേന്ദ്രം അടയ്ക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും കൊറോണ കണക്കിലെടുത്ത് ഇത് കേന്ദ്രം അടയ്ക്കുകയായിരുന്നു. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും പ്രയോജനം ലഭിക്കും. തൊഴിലാളിയും തൊഴിലുടമയും അടയ്ക്കേണ്ട 12 ശതമാനം പിഎഫ് വിഹിതം 10 ശതമാനമായി കുറച്ചു. . 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി തൊഴിലാളിക്കും പ്രയോജനം ലഭിക്കും.
- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഭവന വായ്പാ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ലിക്വിഡിറ്റി സ്കീമായി 30,000 കോടി. ഇതിന് പുറമേ 45,000 കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ ആദ്യ 20ശതമാനം ഗ്യാരന്റി നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ ഏറ്റെടുക്കും.
- ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താനായി 90,000 കോടിരൂപ അനുവദിച്ചു. സര്‍ക്കാര്‍ മേഖലയിലെ മാര്‍ച്ച് 25 മുതല്‍ അവസാനിച്ച എല്ലാ നിര്‍മാണ കരാറുകളും ആറുമാസം ദീര്‍ഘിപ്പിച്ചുനല്‍കി.
- ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി ജൂലൈ 31 ല്‍ നിന്ന് നവംബര്‍ 30 വരെ നീട്ടി. ടാക്സ് ഓഡിറ്റും ഒക്ടോബര്‍ 31വരെ നീട്ടി. സ്രോതസില്‍ നിന്ന് മുന്‍കൂറായി നികുതി പിരിക്കുന്ന നിരക്കില്‍ 25 ശതമാനം കുറവു വരുത്തി.
- കരാര്‍, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ലാഭവിഹിതം, കമ്മീഷന്, ബ്രോക്കറേജ് എന്നിവയ്ക്ക് ടിഡിഎസ് ഇളവ്. 50,000 കോടി രൂപ ഇതുവഴി ലഭിക്കും. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നിലനില്ക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് 1000 കോടി; കൊറോണ പ്രതിരോധത്തിന് 3100കോടി അനുവദിച്ചു
ന്യൂദല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് കരുതലുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. ഇതുള്‍പ്പെടെ കൊറോണ പ്രതിരോധത്തിന് 3100 കോടി രൂപ നല്‍കും. മെയ്ക് ഇന്ത്യ പദ്ധതി പ്രകാരം വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് 2000 കോടിയും കൊറോണ പ്രതിരോധ വാക്സിന് നിര്‍മാണത്തിന് 100 കോടിയും.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യമേര്‍പ്പെടുത്തല്‍, ഭക്ഷണം ലഭ്യമാക്കല്‍, ചികിത്സ സഹായം, ഗതാഗത ക്രമീകരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് ഈ തുക കൈമാറും. സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ക്കാകും പണം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: