മൂന്നാര്‍: ലോക്ഡൗണില്‍ മൂന്നാറിന് സമീപം സ്ഥലം കയ്യേറി കെട്ടിടം നിര്‍മ്മിച്ചു. ദേവികുളം ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയതായി മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിന് സമീപം ലൈഫ് പദ്ധതിയ്ക്കായി മാറ്റിയിട്ടിരിക്കുന്ന സ്ഥലമടക്കം 15 സെന്റ് ഭൂമിയാണ് കൈയേറിയിരിക്കുന്നത്.
അനധികൃതമായി കയ്യേറിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് കൈവശ സാക്ഷ്യപത്രം നല്കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കെഡിഎച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 20/1ല്‍ പെട്ട സ്ഥലമാണ് സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ദേവികുളം ബിവറേജസ് കോര്പ്പറേഷന് ഔട്ട് ലെറ്റിന് എതിര്‍വശത്തായുള്ള സ്ഥലമാണ് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്നതാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും കെട്ടിടം സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവികുളം സ്വദേശി മണിയുടെ ഭാര്യയുടെ പേരിലാണ് സ്ഥലം ഡെപ്യൂട്ടി തഹസില്‍ദാര്‍ സാക്ഷ്യ പത്രം നല്‍കിയത്. നിരുത്തരവാദിത്വപരമായി സാക്ഷ്യപത്രം നല്കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കണെമന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്‍ട്ട് ചാനലുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുടുംബ വീട്ടിലേക്ക് മാറാനുള്ള ശ്രമവും ആരംഭിച്ച് കഴിഞ്ഞു. നടപടിയുണ്ടായാല്‍ ഇറങ്ങി പോകാതിരിക്കാനാണ് ഇത്തരമൊരു നീക്കം. അതേ സമയം വര്‍ഷങ്ങളായി കൈവശമിരുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കെട്ടിട ഉടമസ്ഥന്റെ വാദം. ഇതിനായി കൈവശ അവകാശ രേഖയടക്കം വാങ്ങിയിരുന്നു. പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാനും അനുമതി നല്കി. തുടര്‍ന്ന് ലൈഫ് പദ്ധതി പ്രകാരമാണ് വീട് വെച്ചതെന്നും ഉടമസ്ഥന് പറയുന്നു.
പരിശോധിക്കും: കളക്ടര്‍
കയ്യേറ്റ ഭൂമിയിലാണോ വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നത് പരിശോധിക്കുമെന്ന് ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ചാകും നടപടി എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കെട്ടിടം നിര്‍മ്മിക്കുന്നതിന് വീഴ്ചയുണ്ടായോ എന്നതും പരിശോധിക്കാം. ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത് പ്രകാരമാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: