തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒരോ ആളുകള്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളില്‍ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ്.
31616 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 31143 പേര് വീടുകളിലും 473 പേര് ആശുപത്രികളിലുമാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38547 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 37727 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 3914 സാമ്പിളുകളില്‍ 3894 എണ്ണം നെഗറ്റീവായി.
സംസ്ഥാനത്ത് ആകെ 32 രോഗികള്‍ ഉണ്ട്. 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്തുനിന്നാണ്. വിദേശത്തുനിന്ന് വന്നത് 11 പേര്. മഹാരാഷ്ട്ര 4, ചെന്നൈ 3, നിസാമുദീന്‍ 2. ഇതുവരെ പോസിറ്റിവ് ആയ കേസുകളില്‍ 70 ശതമാനവും പുറത്തുനിന്നു വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പത് പേരില്‍ ആറ് പേര് വയനാട്ടിലാണ്. ചെന്നൈയില്‍ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കത്തിലെത്തിയ മൂന്ന് പേര്‍ക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേര് വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവര്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കല്‍പ്പിക്കാനാവില്ല.
കാസര്‍കോട് ഒരാളില്‍ നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍ നിന്നും ഒന്‍പത് പേരിലേക്കും. വയനാട്ടില്‍ ഒരാളില്‍ നിന്നും ആറ് പേരിലേക്കും രോഗം പകര്‍ന്നു. കാര്യങ്ങള്‍ എളുപ്പമല്ല. നിയന്ത്രണം പാളിയാല്‍ അപകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി.
റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നു. 33116 പേര് റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകള്‍ വഴി 833 പേരും കേരളത്തിലെത്തി. വരാനിടയുള്ള ആപത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം. പുറത്തുനിന്ന് കൂടുതലാളുകളെത്തുന്നു. സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. ലോക്ഡൗണിനുമുന്‍പ് പുറത്തുനിന്ന് ആളുകള്‍ എത്തിയപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോള്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എല്ലാവരും സഹകരിക്കണം. പുറത്തുനിന്നെത്തുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ശേഖരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്യസംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന് അനുവദിക്കുന്നുണ്ട്. ഇത് ഫലത്തില്‍ റൂം ക്വാറന്റീന് ആകണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറരുത്. കുട്ടികള്‍, പ്രായമായര്‍, രോഗമുള്ളവര്‍ എന്നിവരുമായി ഒറു ബന്ധവും പാടില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം. എങ്ങിനെയാണോ ഇതുവരെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്, ആ സൂക്ഷ്മത ഇനിയും വേണം. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തല്‍ പോലീസിന്റെ ബാധ്യതയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. പക്ഷെ നാം പൂര്‍ണ്ണമായി സുരക്ഷിതരയെന്ന ബോധ്യത്തോടെ മുന്പത്തേത് പോലെ പെരുമാറാന്‍ ആരും തുനിയരുത്.
അന്താരാഷ്ട്ര നഴ്സസ് ദിനമാണ് ഇന്ന്. നഴ്സുമാരുടെ സംഭാവനയെ സമൂഹം ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങളുണ്ട്. സ്വജീവന്‍ അര്‍പ്പിച്ച ലിനിയുടെ ഓര്‍മ്മ മനസിലുണ്ട്. വയോധികരെ പരിചരിച്ച് കൊവിഡ് ബാധിച്ച രേഷ്മയും ഒക്കെ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: