കാസര്‍കോട്: പരിശോധനയില്ലാതെ മലയാളികള്‍ അതിര്‍ത്തി കടക്കുന്നതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ രോഗവ്യാപന ഭീതിയില്‍. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ സുള്ള്യ ജാല്‍സൂര്‍ റുട്ടില് കേരള സര്‍ക്കാരിന്റെ കര്‍ശന പരിശോധനയില്ലാത്തതിനാല്‍ ജനങ്ങള്‍ വ്യാപകമായി ഈ വഴി തെരഞ്ഞെടുക്കുകയാണ്.
കര്‍ണ്ണാടക അതിര്‍ത്തിയായ മുഡൂരില്‍ കര്‍ണ്ണാടക ഇട്ട മണ്ണ് നീക്കിയതോടെ ഒരു പരിശോധനയും ഇല്ലാതെ കേരളത്തിലേക്ക് വാഹനങ്ങള്‍ കടന്നു വരുന്നു. തലപ്പാടിയിലുടെ മാത്രം കര്‍ശന പരിശോധനയിലൂടെ കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വരെ കടത്തി വിടുള്ളുവെന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സുള്ള്യ റുട്ടിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്.
കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കാന്‍ തലപ്പാടിയിലെ ഒറ്റ വഴി മാത്രമേ തുറന്നു കൊടുക്കുള്ളുവെന്നായിരുന്നു കാസര്‍കോട് ജില്ലാ ഭരണകൂടം പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് ജാല്‍സുര്‍-ചെര്‍ക്കള റൂട്ടിലെ മുഡുരില് കര്‍ണ്ണാടക സര്‍ക്കാര്‍ ഇട്ട മണ്ണ് അവര്‍ മാറ്റിയതോടെയാണ് ഈ വഴിയിലൂടെ കര്‍ണ്ണാടകയില്‍ നിന്ന് വാഹനങ്ങള്‍ വരാന്‍ തുടങ്ങിയത്. ഇതിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്ന വണ്ടികളെ പരിശോധിക്കാന്‍ കേരള അതിര്‍ത്തിയില്‍ പോലീസും ആരോഗ്യ വകുപ്പുമില്ല.
ആദൂര്‍ പോലിസ് സ്റ്റേഷനില്‍ പരിശോധന ഉണ്ടെങ്കിലും അതിനു മുമ്പ് കൊട്ടിയാഡി വഴി അഡൂരിലേക്ക് കടന്നാല്‍ കാസര്‍കോട്ടേക്കും കാഞ്ഞങ്ങാട്ടേക്കും ഒരു പരിശോധനയും ഇല്ലാതെയെത്താന് നിരവധി വഴികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് തന്നെ 24 മണിക്കുറും കൊട്ടിയാഡിയിലോ മുഡുരിലോ കേരള പോലീസിന്റ കര്‍ശന പരിശോധന അവശ്യ മാണെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതുവഴി കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വരെ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാതെ കടത്തി വിട്ടാല്‍ വന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലേങ്കില്‍ വരും ദിവസങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കേരളത്തില്‍ കൂടാന്‍ ഇടയാവുമെന്ന ഭീതിയിലാണ് ജനങ്ങളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: