മാഹി: മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന മയ്യഴി ഭരണകൂടത്തിന്റെയും പോലീസിന്റേയും നടപടിയില്‍ പ്രതിഷേധിച്ച് മാഹി പ്രസ്സ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനമാചരിച്ചു. മയ്യഴി ഭരണകൂടവും മയ്യഴി പോലീസും നീതി പാലിക്കുക, മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സാമൂഹിക അകലം പാലിച്ച് കുത്തിയിരിപ്പ് സമരം നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരില്‍ പലരെയും പത്രം വിതരണം നടത്തുന്നവരെയും ചെറുകല്ലായിയിലും ന്യൂമാഹിയിലും വെച്ച് പോലീസ് തടഞ്ഞ് വെച്ചിരുന്നു. പോലീസിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. തലശ്ശേരി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് നവാസ് മേത്തര്‍ ഉദ്ഘാടനം ചെയ്തു.
പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്‍, സെക്രട്ടറി മോഹനന് കത്യാരത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. വി. രാമചന്ദ്രന് എം.എല്‍.എ, അഡ്മിനിസ്ട്രേറ്റര്‍, പോലീസ് സൂപ്രണ്ട് എന്നിവരെ പ്രതിഷേധം അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി, ലഫ്. ഗവര്‍ണര്‍, ഉന്നത പോലീസ് ഉദ്യോസ്ഥര്‍ എന്നിവര്‍ക്കും പരാതി അയച്ചു. മാഹി പോലീസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് നടന്ന കുത്തിയിരിപ്പ് സമരം കഴിഞ്ഞ് തിരികെ പോകുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പോലീസ് തടഞ്ഞത്.
മാഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം മാഹി പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ന്യൂമാഹി കല്ലായ് ചുങ്കത്തെ ചെക്ക് പോസ്റ്റില്‍ രണ്ട് മണിക്കൂറോളം മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ അമന് ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് തയ്യാറായതോടെ പ്രശ്നത്തിന് പരിഹാരമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്കി. ഇക്കാര്യത്തില്‍ പോലീസിന് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: