തിരുവല്ല: കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സിസ്റ്റര്‍ അഭയകേസ് പോലെ വീണ്ടും ദുരൂഹതകളുമായി സന്യസ്ത വിദ്യാര്‍ത്ഥി ദിവ്യയുടെ മരണം. 21 കാരിയായ ദിവ്യയുടേത് മുങ്ങിമരണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്. കിണറ്റിലുണ്ടായിരുന്ന ഇരുമ്പ് മൂടി മാറ്റിവെച്ചിരുന്നതാണ് മരണത്തിലെ ദൂരുഹത വര്‍ധിപ്പിക്കുന്നത്.
ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോണ്‍. പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് കോണ്‍വെന്റിലെ കിണറ്റില്‍ വ്യാഴാഴ്ച ഉച്ചയ് ക്ക് 12 മണിയോടെയാണ് ദിവ്യയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കാല് തെന്നി വീണതാകാമെന്നാണ് ആദ്യം ഉയര്‍ന്ന സംശയം. കിണറിന് മുകളില്‍ ഉണ്ടായിരുന്ന ഇരുമ്പിന്റെ മൂടി അവിടെ നിന്നും മാറ്റിവെച്ചത് സംശയം ഉയര്‍ത്തുന്നതാണ്. കൂടാതെ കിണറ്റില്‍ മോട്ടര്‍ വെച്ചിട്ടുള്ളതിനാല്‍ വെള്ളം കോരേണ്ടതിന്റെ ആവശ്യവും ഇല്ല. സംഭവ ദിവസം ടാങ്കില്‍ ആവശ്യത്തിന് വെള്ളവും ഉണ്ടായിരുന്നു. അതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണതാണെന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞതായാണ് സൂചന.
തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ എന്തെങ്കിലും സൂചന ലഭിച്ചതായി പുറത്തുവിട്ടിട്ടില്ല. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡിവൈഎസ്പി അറിയിച്ചു.
ആറു വര്‍ഷം മുമ്പാണ് ദിവ്യ മഠത്തില്‍ ചേര്‍ന്നത്. ഈ വര്‍ഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ദിവ്യയെ ഒരു വിധത്തിലുമുള്ള പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് പാലിയേക്കരയിലെ ബസേലിയന് സിസ്റ്റേഴ്സിന്റെ കോണ്‍വന്റ്. അതേസമയം വിഷയത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളെ പോലെ നീതിക്കു വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വരുത്തരുതെന്നും, യാഥാര്‍ത്ഥ്യം പുറത്തുവരണമെന്നുമാണ് അവര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: