കറാച്ചി: അഹമ്മദീയ മുസ്ലിങ്ങളോടുള്ള അവഗണനയും ക്രൂരതയും അവസാനിപ്പിക്കാതെ പാക്കിസ്ഥാന്. മേയ് അഞ്ചിന് പാക്കിസ്ഥാന് മന്ത്രിസഭ നിയമിച്ച ന്യൂനപക്ഷ കമ്മിഷന്റെ പരിധിയില്‍ നിന്ന് അഹമ്മദീയ മുസ്ലിങ്ങളെ ഒഴിവാക്കി. പാക് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നാല്പത് ലക്ഷത്തോളം വരുന്ന അഹമ്മദീയരെ കമ്മിഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വ്യാപകമായി അവഗണനയും അതിക്രമവും നേരിടുന്നവരാണ് അഹമ്മദീയ മുസ്ലിങ്ങള്‍.
പാകിസ്താന് ജനസംഖ്യയുടെ രണ്ടര ശതമാനത്തോളം അഹമ്മദീയ വിശ്വാസികളാണ്. അവര്‍ അമുസ്ലിങ്ങളാണെന്ന് നിയമം പാസാക്കിയ രാജ്യമാണ് പാകിസ്ഥാന്. അഹമ്മദീയര്‍ മുസ്ലിം വിശ്വാസവും ആചാരവും പിന്തുടരുന്നതോ മുസ്ലിങ്ങളാണെന്ന് അവകാശപ്പെടുന്നതോ അവിടെ കുറ്റകരമാണ്. അഹമ്മദിയര്‍ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. 2010ലെ ലാഹോര്‍ കൂട്ടക്കൊലയില്‍ 94 പേരാണ് വധിക്കപ്പെട്ടത്. രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ സമയത്ത് ഒരേസമയം ബോംബാക്രമണം നടത്തിയാണ് ഇത്രയും പേരേ കൂട്ടക്കൊല ചെയ്തത്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അടക്കം വിവിധ സംഘടനകള്‍ അഹമ്മദീയരുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇത്രയും അധികം പീഡനം അനുഭവിക്കേണ്ടി വരുന്ന ന്യൂനപക്ഷം വേറെയില്ലെന്നും അവരെ കമ്മിഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കയത് അങ്ങേയറ്റം അപലപനീയമാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഏഷ്യ ഡയറക്റ്റര്‍ ബ്രാഡ് ആഡംമ്സ് പറഞ്ഞു. കമ്മിഷനില്‍ നിന്ന് അഹമ്മദീയരെ ഒഴിവാക്കിയത് ഉടന്‍ പുനപരിശോധിക്കണമെന്നും സംഘടന പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: