കര്‍ഷകന് കനിവുമായി കാര്‍ത്തിക ഞാറ്റുവേലയെത്തി. ഇന്ന് തുടങ്ങി പതിനാലുനാള്‍ ഇനി വേനല്‍മഴ വന്നും പോയുമിരിക്കും. ‘ഭരണി’യിലിട്ട വിത്തെല്ലാം ‘കാര്‍ത്തിക’യില്‍ നടണമെന്നാണ് ചൊല്ല്. ഓരോ വിളയ്‌ക്കുമുണ്ട് അനുയോജ്യമായ ഞാറ്റുവേലകള്‍. നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും കിട്ടുന്ന തിരുവാതിര ഞാറ്റുവേലയും വേനല്‍ മഴ കണ്ണുപൊത്തിക്കളിക്കുന്ന കാര്‍ത്തിക ഞാറ്റുവേലയുമാണ് കൂട്ടത്തില്‍ കേമന്മാര്‍.
മഴയുംകാറ്റും സൂര്യപ്രകാശവുമെല്ലാം കൃഷിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. ഇതെല്ലാം മാറിമറിഞ്ഞുവരുന്ന കാലാവസ്ഥ ഞാറ്റുവേലകളെ ആധാരമാക്കിയാണ് നമ്മുടെ പൂര്‍വികര്‍ പ്രവചിച്ചിരുന്നത്. പ്രായോഗികമായി ലഭിച്ച അറിവുകളും ജ്യോതിശ്ശാസ്ത്ര പരിജ്ഞാനവുമായിരുന്നു അവരുടെ കൈമുതല്‍.
ഞായറില്‍ മുളപൊട്ടിയ ഞാറ്റുവേല
രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി. അശ്വതിയില്‍ തുടങ്ങുന്ന 27 നാളുകള്‍ക്കും ഞാറ്റുവേലയുണ്ട്. ഓരോന്നിന്റെയും ധര്‍മം ദ്യോതിപ്പിക്കുന്ന രസികന്‍പഴഞ്ചൊല്ലുകളുമുണ്ട്.
‘കാര്‍ത്തിക കാലില്‍ കാക്കക്കാല്‍ നനഞ്ഞാല്‍ മുക്കാലില്‍ മുക്കും’ എന്നാണ് പഴമൊഴി. ഈ ഞാറ്റുവേലയുടെ കാല്‍ ഭാഗം വരുന്നത് മേടം രാശിയിലാണ്. ആ കാലയളവില്‍ ചെറിയൊരു മഴ ലഭിച്ചാല്‍ മുക്കാല്‍ ഭാഗം വരുന്ന ഇടവം രാശിയില്‍ മഴ തിമിര്‍ത്തു പെയ്യുമെന്നാണ് വിശ്വാസം.
ഇഞ്ചിനടാം; മഞ്ഞളും
ഇഞ്ചിക്കും മഞ്ഞളിനും ഉത്തമമാണ് കാര്‍ത്തിക ഞാറ്റുവേല. ഇതിന്റെ ആദ്യ പകുതിയോടെ വിത്തു നടാനുള്ള വാരമെടുക്കണം. മൂന്നിഞ്ച് അകലത്തിലാവണം കുഴികള്‍. ഇതില്‍ ചാരവും ചാണകവും ചേര്‍ത്ത് അടിവളമായി ഇടുക. വിത്ത് മണ്ണിട്ട് മൂടിയാല്‍ അതിന് പുതയായി കാഞ്ഞിരത്തോലോ ആര്യവേപ്പിന്‍ തോലോ ഇടണം. കാശോളം വിത്തു മതി നടാന്‍. തഴച്ചങ്ങു വളരും. അധികം വെയിലില്ലാത്തിടത്താവണം കൃഷി. മാവിന്റെ തണല്‍ മഞ്ഞളിനും പ്ലാവിന്റെ തണല്‍ ഇഞ്ചിക്കും നല്ലതാണ്. ഇവയ്‌ക്ക് പുതയിട്ടു കഴിഞ്ഞാല്‍ പൂയം, ആയില്യം ഞാറ്റുവേലകളില്‍ വളമിട്ട് വീണ്ടും മണ്ണു കൂട്ടിക്കൊടുക്കാം. മുകുളങ്ങള്‍ പൊട്ടിയ വിത്തുകള്‍ നടുന്നതാണ് ഉത്തമം.
സാമാന്യം ഈര്‍പ്പവും ചൂടും ആവശ്യമായ കൂവയും ഈകാലയളവില്‍ കൃഷിയിറക്കാറുണ്ട്. ഏഴുമാസം കൊണ്ട് ഇത് പാകപ്പെടും. വിരല്‍ നീളത്തിലുള്ള വിത്തുകളാണ് നടാന്‍ നല്ലത്. കത്തിരിക്ക(വഴുതിന)യും കാര്‍ത്തിക ഞാറ്റുവേലയില്‍ നട്ടു വളര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: