തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത് പച്ചക്കള്ളമാണെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേകരന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
പ്രളയകാലത്ത് പമ്പയിലും മറ്റുമുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 100 കോടി ദേവസ്വം ബോര്‍ഡിന് നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. അതനുസരിച്ചു ബഡ്ജറ്റില്‍ വകകൊള്ളിക്കുകയും ചെയ്തു. പക്ഷേ 40 കോടി മാത്രമാണ് നല്‍കിയത്. ബാക്കി 60 കോടി രൂപ ഇതുവരെ നല്‍കിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
അതേസമയം ശബരിമലയില്‍ അനാവശ്യമായി നിരോധനം ഏര്‍പ്പെടുത്തി ഭക്തജനങ്ങളെ തടയുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതു മൂലം 2018-2019 ല്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായ നഷ്ടം 200 കോടി രൂപയാണ്. സര്‍ക്കാരിന്റെ ദുര്‍വാശിയും പിടിപ്പുകേടുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന് അവകാശപ്പെട്ട പണവും സ്വത്തും കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ നാളിതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചുവരുന്നത്.
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ശബരിമല ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ക്ക് 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്കി. 146 മുസ്ലിം ക്രൈസ്തവ ഹിന്ദു ആരാധനാലയങ്ങളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രം 85 കോടി രൂപ അനുവദിച്ചു. മൂന്ന് മാസക്കാലം ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചു മൂന്ന് കോടിയില്‍പ്പരം അയ്യപ്പന്മാര് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി കേരളത്തില്‍ എത്തുന്നതുമൂലം ആയിരം കോടിയില്‍പരം രൂപയുടെ റവന്യു വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ വഴി ആശയക്കുഴപ്പമുണ്ടാക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും സത്യ സ്ഥിതി എന്തെന്ന് തുറന്നു പറയാന്‍ തയ്യാറാവണം. ഒരു കാലത്ത് സ്വന്തം ഭൂമി സര്‍ക്കാര്‍ റവന്യുവില്‍ സമര്‍പ്പിച്ചു 40 ശതമാനം വരുമാനം കൂടുതല്‍ ഉണ്ടാക്കിക്കൊടുത്ത ദേവസ്വം ഇന്ന് നറുക്കല നിവേദ്യത്തിന് പോലും വകയില്ലാതെ പിച്ച തെണ്ടേണ്ട അവസ്ഥയിലാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്.
പ്രളയകാലത്ത് പമ്പയിലും മറ്റുമുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 100 കോടി ദേവസ്വം ബോര്‍ഡിന് നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. അതനുസരിച്ചു ബഡ്ജറ്റില്‍ വകകൊള്ളിക്കുകയും ചെയ്തു.
പക്ഷേ 40 കോടി മാത്രമാണ് നല്‍കിയത്. ബാക്കി 60 കോടി രൂപ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം ശബരിമലയില്‍ അനാവശ്യമായി നിരോധനം ഏര്‍പ്പെടുത്തി ഭക്തജനങ്ങളെ തടയുകയും വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതു മൂലം 2018-2019 ല്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായ നഷ്ടം 200 കോടി രൂപയാണ്. സര്‍ക്കാരിന്റെ ദുര്‍വാശിയും പിടിപ്പുകേടുമാണ് ഇതിന് കാരണം.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് 80 ലക്ഷം രൂപ വാര്ഷികാശനം നല്‍കേണ്ടത് ഭരണഘടനയുടെ 290A അനുസരിച്ചു സര്‍ക്കാരിന്റെ ബാധ്യതയാണ്. 40 ലക്ഷം രൂപ മാത്രമേ നല്‍കിയിട്ടുള്ളൂ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്‍കേണ്ട 60 ലക്ഷം രൂപ ഇപ്പോഴും സര്‍ക്കാര്‍ കൈവശം വച്ചിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്ക് കൊടുക്കേണ്ട 60 കോടി രൂപ സഹായ വാഗ്ദാന തുകയും 40 ലക്ഷം രൂപ വാര്‍ഷികാശനവും കൈവശം വച്ച് ക്ഷേത്രങ്ങളെ വഴിയാധാരമാക്കിയശേഷം ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് ക്ഷേത്രങ്ങള്‍ക്ക് 100 കോടി കൊടുത്തു എന്നാണ്.
ക്ഷേത്രത്തിന് അവകാശപ്പെട്ട പണവും സ്വത്തും കാലാകാലങ്ങളായി കയ്യടക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ നാളിതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചുവരുന്നത്.
തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ശബരിമല ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ക്ക് 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്കി. 146 മുസ്ലിം ക്രൈസ്തവ ഹിന്ദു ആരാധനാലയങ്ങളില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രം 85 കോടി രൂപ അനുവദിച്ചു.
3 മാസക്കാലം ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചു 3 കോടിയില്‍പ്പരം അയ്യപ്പന്മാര് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി കേരളത്തില്‍ എത്തുന്നതുമൂലം ആയിരം കോടിയില്‍പരം രൂപയുടെ റവന്യു വരുമാനം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്.
ഇലക്ട്രിസിറ്റി ബോര്‍ഡ് , കെ എസ് ആര് ടി സി , വാട്ടര്‍ അതോറിറ്റി , ടൂറിസം ധനകാര്യ റവന്യു വകുപ്പുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉണ്ടാകുന്ന വന്‍ വരുമാനമാണ് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത്. സര്‍ക്കാരിനെ സാമ്പത്തികമായി താങ്ങി നിര്‍ത്താന്‍ എന്നെന്നും ത്യാഗപൂര്‍വം സഹായിച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് ഇന്ന് മുങ്ങുന്ന കപ്പലായി മാറി.ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത സ്ഥിതിയിലായി.
ഒരു കാലത്ത് സ്വന്തം ഭൂമി സര്‍ക്കാര്‍ റവന്യുവില്‍ സമര്‍പ്പിച്ചു 40 ശതമാനം വരുമാനം കൂടുതല്‍ ഉണ്ടാക്കിക്കൊടുത്ത ദേവസ്വം ഇന്ന് നറുക്കല നിവേദ്യത്തിന് പോലും വകയില്ലാതെ പിച്ച തെണ്ടേണ്ട അവസ്ഥയിലാണ്.
മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങള്‍ കോവിഡ് പ്രതിരോധത്തിന് പണം നല്കി എന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വിശദീകരണം. തിരുപ്പതി ദേവസ്ഥാനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്കുന്നു. ആശുപത്രി വികസിപ്പിച്ചു ചികിത്സ നല്കുന്നു. 19 കോടി രൂപയുടെ മരുന്നും സാധനസാമഗ്രികളും നല്കി കഴിഞ്ഞു.കെട്ടിടങ്ങളെല്ലാം ക്വാറന്റൈന് വിട്ടുകൊടുത്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ട്രസ്റ്റ് ഉണ്ട്. ഭക്തജനങ്ങള്‍ അതിലേക്ക് പണം നല്‍കാറുമുണ്ട്. അതുപോലെ ഗുരുവായൂര്‍ ദേവസ്വം കമ്മറ്റിക്കും ചെയ്യാവുന്നതേ ഉള്ളു.
ഒരു തെറ്റിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി നിരവധി കള്ളങ്ങള്‍ വിളിച്ചു പറയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ വഴി ആശയക്കുഴപ്പമുണ്ടാക്കുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും സത്യ സ്ഥിതി എന്തെന്ന് തുറന്നു പറയാന്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: