തിരുവനന്തപുരം: കൊറോണ പരിശോധന വര്‍ധിപ്പിക്കാനുള്ള നടപടിയുമായി കേരളം മുന്നോട്ടു പോകുമ്പോള്‍ റാപ്പിഡ് കിറ്റുകള്‍ വാങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് (എച്ച്എല്‍എല്‍ ) ലൈഫ്കെയറില്‍ നിന്ന് ഒരുലക്ഷം ആന്റിബോഡി പരിശോധന കിറ്റുകള്‍ വാങ്ങാനായിരുന്നു കേരളത്തിന്റെ തീരുമാനം. റാപ്പിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ കേരളം ടെണ്ടര്‍ വിളിച്ചിരുന്നു. കിറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ക്ഷണിച്ച ടെന്‍ഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ടെന്‍ഡര്‍ നല്‍കിയത് എച്ച്എല്‍എല്‍ ആയിരുന്നു. അതനുസരിച്ചാണ് കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ്കെയറില്‍ നിന്ന് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഗുണ പരിശോധനാ ഫലം വൈകിച്ച് എച്ച്എല്‍എല്‍ കിറ്റുകളെ തഴയാനാണ് സംസ്ഥാനം നീക്കം നടത്തുന്നത് എന്നാണ് സൂചന. എച്ച്എല്‍എല്‍ 336 രൂപയ്ക്ക് കിറ്റുകള്‍ നല്കുമ്പോള് വിദേശ കമ്പനികള്‍ 600 രൂപയും അതിനു മുകളിലുമാണ് വിലയിടുന്നത്. അടിയന്തിര ആവശ്യത്തിന് കിറ്റുകള്‍ ആവശ്യമായി വരുമ്പോള്‍ ടെന്‍ഡറില്‍ ഒന്നാമതെത്തിയ എച്ച്എല്‍എല്ലിനെ തഴഞ്ഞ് വിദേശ കമ്പനികളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാം. രാജ്യവ്യാപകമായി റാപ്പിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് സമൂഹവ്യാപനം ഉണ്ടെയന്നറിയാന് ഐസിഎംആര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം പറഞ്ഞ്, കൊറിയന്‍ കമ്പനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് കിറ്റുകള്‍ വാങ്ങാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനം. എച്ച്എല്‍എല്ലിനെ തഴയുന്നതും അതിനുവേണ്ടിയാണ്.
മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ആവശ്യപ്പെട്ടതനുസരിച്ച് 100 സാമ്പിള്‍ കിറ്റുകള്‍ നല്കി. ഐസിഎംആര്‍ നിര്‍ദ്ദേശമനുസരിച്ച് എച്ച്എല്‍എല്‍ ഹരിയാനയിലെ മനേസര്‍ ഫാക്ടറിയിലാണ് കിറ്റുകള്‍ നിര്‍മിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഇത് ഗുണനിലവാര പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് നല്കി. പരിശോധനയില്‍ കിറ്റുകള്‍ പരാജയപ്പെട്ടന്ന വാര്‍ത്ത വന്നെങ്കിലും ഇതുവരെ എച്ച്എല്‍എല്ലിനെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിക്കണമെന്ന് എച്ച്എല്‍എല്‍ ആവശ്യപ്പെട്ടു. ആലപ്പുഴയിലേക്കും കിറ്റുകള്‍ അയച്ചിട്ട് മൂന്ന് ആഴ്ചയോളമായിട്ടും ഫലം എച്ച്എല്എല്നെ അറിയിച്ചിട്ടില്ല.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഐസിഎംആറും അംഗീകരിച്ച ശേഷമാണ് ലൈഫ്കെയര്‍ കിറ്റ് നിര്‍മാണം തുടങ്ങിയത്. കനേഡേയന് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള നിര്‍മാണം ലോകനിലവാരത്തിലുള്ളതാണെന്നാണ് എച്ച്എല്‍എല്‍ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: