തിരുവനന്തപുരം: സഹകരണ ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിനായി പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ തന്നെയാണ് സഹകരണ ജീവനക്കാരുടെ ഹര്‍ജിയില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കില്ല, താല്പര്യമുള്ളവര് തന്നാല്‍ മതി എന്ന് രേഖാമൂലം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് സംസ്ഥാന ജീവനക്കാര്‍ തിരിച്ചറിയണമെന്നും ജീവനക്കാരെ കറവപ്പശുക്കളായി മാത്രം കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിന് എതിരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്നും എന്‍ജിഒ സംഘ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: