കോഴിക്കോട്: വനിതാ ശിശുക്ഷേമ വകുപ്പിലെ സുപ്രധാന തസ്തികയായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഒഴിവിലേക്ക് ചട്ടം മറികടന്ന് നിയമനം. അര്‍ഹരായ ബിരുദധാരികളെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാതെ രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തി എസ്എസ്എല്‍സിക്കാരെ തിരുകി കയറ്റാനാണ് ശ്രമം.
റാങ്ക് ലിസ്റ്റില്‍ നിന്ന് അന്‍പത് ശതമാനം ബിരുദധാരികളെയും ജനറല്‍ വിഭാഗത്തില്‍ നിന്ന് അന്‍പത് ശതമാനം പേരെയും നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ പതിനൊന്ന് ശതമാനം പേരെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഇവരുടെ റാങ്ക് ലിസ്റ്റ് ജൂലൈയില്‍ അവസാനിക്കാനിരിക്കെ എസ്എസ്എല്‍സിയും 10 വര്‍ഷത്തെ പരിചയവും യോഗ്യതവെച്ച് പിഎസ്സി പുതിയ പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത് ഭരണകക്ഷി യൂണിയന്റെ സമ്മര്‍ദ്ദത്താലാണെന്നും ആക്ഷേപമുണ്ട്.
കേന്ദ്ര നിര്‍ദേശം അംഗീകരിച്ചാണ് കോടതി വിധിയും. ബിരുദദാരികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പും കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് 2020 ജൂലൈയില്‍ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് സ്വന്തക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നത്.
സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് 2017 ജൂലൈയില്‍ 463 പേരടങ്ങുന്ന മെയിന്‍ ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. ബിരുദധാരികള്‍ക്കുള്ള സംവരണം പതിനൊന്ന് ശതമാനമായിരുന്നു. അതനുസരിച്ച് 146 പേരെ നിയമിച്ചു. പിന്നീടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശവും കോടതി വിധിയും വന്നത്. 25 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് പ്രത്യേക പരിശീലനം അവശ്യമില്ലെന്നും തീരുമാനമായി. എന്നാല്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്ള ബഹുഭൂരിപക്ഷം ആളുകളും 20 വര്‍ഷത്തിനു മുകളില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ആണ്. ഇനിയൊരവസരം ഇവര്‍ക്ക് ലഭിക്കുകയുമില്ല.
സാമൂഹ്യനീതി വകുപ്പിന്റെ പ്രധാന പദ്ധതികള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അടിസ്ഥാന വിവരശേഖരണത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചുമതലപ്പെടുത്തുന്നതും ഇവരെയാണ്. ഇത്തരം വൈദഗ്ധ്യം വേണ്ട സുപ്രധാന തസ്തികയില്‍ എസ്എസ്എല്‍സിക്കാരെ നിയമിക്കുന്നത് ഈ വകുപ്പിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: