ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കുടങ്ങിക്കിടന്ന 1,08,300 ലക്ഷം തൊഴിലാളികളെ സര്‍ക്കാര്‍ കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ സൗജന്യമായി സ്വദേശങ്ങളില്‍ എത്തിച്ചു. ഇതിനായി മെയ് മൂന്നു മുതല്‍ ഏഴുവരെ കര്‍ണാടക ആര്‍ടിസി 75 സ്ഥലങ്ങളിലേക്ക് 3610 സൗജന്യ സര്‍വീസ് നടത്തി.
സംസ്ഥാനത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തി നഗരങ്ങളില്‍ തൊഴില്‍ ചെയ്തിരുന്നവരാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങിയത്. അന്തര്‍ജില്ലാ യാത്രാ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ ദിവസം തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയെങ്കിലും പിന്നീട് യാത്ര സൗജന്യമാക്കിയതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു.
കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ബസ് സര്‍വീസുകള്‍ നടത്തിയത്. സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ബസ്സില്‍ 30 പേര്‍ക്കായിരുന്നു യാത്രാനുമതി. ബസ്സില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും ബസ് സ്റ്റാന്‍ഡില്‍ ക്രമീകരിച്ചിരുന്നു.
മെയ് നാലിനു മാത്രം 800 ബസ് സര്‍വീസ് നടത്തി. മെയ് മൂന്നിനും അഞ്ചിനും 500 ബസ്സുകള്‍ സര്‍വീസ് നടത്തി. ബെംഗളൂരുവില്‍ നിന്നുമാത്രം 2288 ബസ്സുകളിലായി 69,515 തൊഴിലാളികളെ സ്വദേശത്ത് എത്തിച്ചു.
ബെംഗളൂരു മജസ്റ്റിക് ബസ്സ്റ്റാന്‍ഡില്‍ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവദി, മന്ത്രിമാരായ എസ്. സുരേഷ്കുമാര്‍, ആര്. അശോക, കെഎസ്ആര്‍ടിസി എംഡി ശിവയോഗി കലാസാദ് എന്നിവര്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: