കോഴിക്കോട്: ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ നല്‍കിയതോടെ നഗരം സാധാരണ നിലയിലേക്ക്. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്സ്പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലെന്നതൊഴിച്ചാല്‍ നഗരം വീണ്ടും സജീവമാവുകയാണ്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതിയാണുള്ളത്. എന്നാല്‍ മറ്റു സ്ഥലങ്ങളിലെ മിക്കവാറും കടകളെല്ലാം തുറന്നു കഴിഞ്ഞു.
പാളയത്തും വലിയങ്ങാടിയിലും പോലീസിന്റെ പരിശോധനയും കര്‍ശനമായ നിരീക്ഷണവുമുണ്ട്. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുണ്ട്.
ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമെ പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് നഗരത്തിലെ റോഡുകള്‍ കണ്ടാല്‍ മനസ്സിലാകും. മിഠായിത്തെരുവിലെ അടച്ചിട്ട കടകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് പോകുന്നവരും ഉണ്ട്. ലോക്ഡൗണിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരെ പോലീസ് കര്‍ശനമായി നിയന്ത്രിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം കടകളും തുറന്നപ്പോള്‍ പോലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.
ജനം കൂടുതല്‍ ബോധവാന്മാരാകണമെന്നും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അതു പാലിക്കപ്പെടുന്നില്ല. സാമൂഹ്യ അകലം പാലിക്കാതെയാണ് പലകടകളിലും ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി നില്‍ക്കുന്നത്.
ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ, ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇത്തരം യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളും റെസ്റ്റോറണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് പാര്‍സലായി മാത്രമെ ഭക്ഷണം നല്കാന് പാടുള്ളൂ. കോഴിക്കോട് ബീച്ച്, സരോവരം, നഗരത്തിലെ വിവിധ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനവും കര്‍ശനമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: