നാദാപുരം: വീട് പുലര്‍ത്താന്‍ ജോലി തേടിയെത്തിയതാണ്. എന്നാല്‍ ഓര്‍ക്കാപ്പുറത്ത് വന്ന അസുഖം ശരീരത്തെയും സ്വപ്നങ്ങളെയും തളര്‍ത്തി. ബംഗാള്‍ സ്വദേശി രാംദേവ് മണ്ഡല് ചേലക്കാട് വാടക വീട്ടില്‍ തളര്‍ന്നിരിപ്പാണ്. കഴിഞ്ഞ മാസമാണ് കൈകാലുകള്‍ക്ക് പൊടുന്നനെ തളര്‍ച്ചയുണ്ടായത്. മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും നല്ല പോലെ പോറ്റാന്‍ വേണ്ടി കേരളക്കരയിലെത്തിയ ഈ യുവാവ് ഇന്ന് ഒറ്റപ്പെട്ട് കഴിയുന്നു.
ഏഴ് വര്‍ഷം മുമ്പ് നാദാപുരത്തെ ചേലക്കാട് എത്തിയ രാം ദേവ് മണ്ഡലിന് കഴിഞ്ഞ മാസമാണ് അസുഖം പിടിപെട്ടത്. .കോവിഡിന്റ ഭീതിയില്‍ സഹപ്രവര്‍ത്തകര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം.
അതിനിടയില്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച്ചത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ രണ്ടു ദിവസമായി ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം ചേലക്കാട്ട് വാടകവീട്ടില്‍ തനിച്ചിരിപ്പാണ്. കൈകാലുകള്‍ അല്പം ചലിക്കുന്നുണ്ടെങ്കിലും സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് 35കാരനായ ഈ യുവാവിന്.
85000 രൂപയാണ് നാട്ടിലെത്താന്‍ ആംബുലന്‍സ് വാടക ചോദിക്കുന്നത്. വാടക നല്കാന് പണമില്ല ട്രെയിനില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമോ എന്നാണ് കൂടെയുള്ളവര്‍ അന്വേഷിക്കുന്നത്. സര്‍ക്കാറിന്റെയോ സന്നദ്ധ സംഘടനകളുടെയോ സഹായം പ്രതീക്കുകയാണ് ഈ യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: