ആലപ്പുഴ: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് പ്രതിമാസം ധനസഹായം നല്കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയില്‍ 14 മാസത്തെ കുടിശിക നല്‍കിയില്ല. സര്‍ക്കാരില്‍ നിന്ന് ഫണ്ട് നിലച്ചതാണ് കാരണമായി പറയുന്നത്. മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങള്‍ ഉള്ളവരെയും പരിചരിക്കുന്നവര്‍ക്ക് എല്ലാ മാസവും ധനസഹായം നല്കുന്ന പദ്ധതിയാണ് മുടങ്ങിയത്.
2018ന് ശേഷം പണം അനുവദിച്ചിരുന്നില്ല. പരാതികളും പ്രതിഷേധവും വ്യാപകമായതോടെ രണ്ടു മാസത്തെ തുക അടുത്തിടെ നല്കി. 2019 മാര്‍ച്ച് മുതലുള്ള തുക നിലവില്‍ കുടിശികയാണ്. സാമൂഹിക സുരക്ഷാ മിഷനില്‍ അന്വേഷിച്ച് എത്തുന്നവര്‍ക്ക് ഫണ്ട് എത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നു തുക ലഭിക്കുമെന്ന ഉറപ്പ് ആര്‍ക്കുമില്ല. രോഗിക്കു കൃത്യമായ പരിചരണത്തിനുകൂടി പണമില്ലാത്ത സ്ഥിതിയാണ്.
1,13,713 പേരാണ് സഹായത്തിന് അര്‍ഹരായിട്ടുള്ളത്. പ്രതിമാസം രോഗിയെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഈ തുക മറ്റു സാമൂഹിക സുരക്ഷാ പെന്ഷന് തുകയ്ക്ക് സമാനമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ കുറഞ്ഞ തുക പോലും നല്‍കാതെ സര്‍ക്കാര്‍ വലയ്ക്കുന്നത്.
കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം ഉള്‍പ്പെടെയുള്ള നാഡീരോഗങ്ങള്‍ എന്നിവ മൂലം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവര്‍, കിടപ്പു രോഗികള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍, 100 ശതമാനം അന്ധത ബാധിച്ചവര്‍ ,
എന്‍ഡോസള്‍ഫാന്‍ ബാധിച്ചു പൂര്‍ണമായി ദുര്‍ബലരായവര്‍ തുടങ്ങിയവരാണ് ഉപഭോക്താക്കള്‍. ഇത്തരം രോഗികള്‍ക്ക് മരുന്നിന് തന്നെ വലിയ തുക ആവശ്യമായി വരും. കൂടാതെ ഇടയ്ക്കിടെ മല മൂത്ര വിസര്‍ജനം നടത്തുന്നതിനാല്‍ വസ്ത്രങ്ങള്‍ മാറ്റണം. ഇതിനെല്ലാം പണം അവശ്യ ഘടകമാണ്. അതീവ സംരക്ഷണം ആവശ്യമുള്ള ഇവര്‍ക്ക് ആശ്വാസ കിരണം വഴിയുള്ള തുക വലിയ സഹായമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: