ബാംഗളൂര്‍: സേവന രംഗത്ത് ബാംഗളൂര്‍ നഗരത്തില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ഉത്തിഷ്ഠ കൊറോണക്കാലത്തും ശ്രദ്ധ നേടി. സാമൂഹ്യ സേവനത്തിന്റെ പതിവ് രീതികള്‍ക്കപ്പുറം കടന്ന് സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി ആ ദിശയില്‍ സംഘടനയെ ചലിപ്പിക്കാനും തങ്ങളുടെ പ്രവര്‍ത്തനത്തെ അതിനനുസരിച്ച് ചിട്ടപ്പെടുത്താനും ഉത്തിഷ്ഠയ്ക്ക് കഴിഞ്ഞു.
80 ജി അംഗീകാരമുള്ള സാമൂഹ്യ സംഘടനകള്‍ക്ക് വില കുറച്ച് ധാന്യങ്ങള്‍ വാങ്ങാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ സ്കീം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതനുസരിച്ച് കിലോക്ക് 21 രൂപ നിരക്കില്‍ ഗോതമ്പും 22 രൂപ നിരക്കില്‍ അരിയും എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് നേരിട്ട് വാങ്ങാം. ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മറ്റും ഉദ്ദേശിച്ച് ആഹാരവിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതനുസരിച്ച് ഉത്തിഷ്ഠ രണ്ടു തവണകളായി പത്തു ടണ്‍ വീതം, 4,40,000 രൂപയ്ക്കുള്ള 20,000 കിലോഗ്രാം അരി വാങ്ങി കിറ്റുകളാക്കി ആറായിരത്തോളം കുടുംബങ്ങളില്‍ എത്തിച്ചു നല്കി. ധാന്യത്തിനു പുറമേ ആട്ട, ഭക്ഷ്യ എണ്ണ, ഉപ്പ്, പരിപ്പ് തുടങ്ങിയവയും അടങ്ങിയതായിരുന്നു വിതരണം ചെയ്ത കിറ്റുകൾ.
ബാംഗളൂര്‍ പോലെ വന്‍ നഗരത്തില്‍ ജോലിയ്ക്കും, വിദ്യാഭ്യാസത്തിനും മറ്റു പല ആവശ്യങ്ങള്‍ക്കുമായി വന്നെത്തി കുടുങ്ങിപ്പോയ പരദേശികള്‍ നിരവധിയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് ലോക്ക് ഡൗണ്‍ പോലെയൊരു സന്ദര്‍ഭത്തില്‍ അത്തരക്കാര്‍ വലിയ മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടു പോവുക സാധാരണമാണ്. അവരില്‍ തന്നെ രോഗികളും, മരുന്നുകള്‍ കഴിക്കുന്നവരും, ഭക്ഷണത്തിലും പ്രത്യേക നിയന്ത്രണങ്ങള്‍ വേണ്ടവരും ഉണ്ട്.. അവര്‍ക്ക് മാനസിക പിന്തുണ കൊടുക്കാനും ആശ്വസിപ്പിക്കാനും പല ഭാഷകളില്‍ കൗണ്‍സലിങ് ഒരുക്കിക്കൊണ്ട് ഉത്തിഷ്ഠ മുന്നോട്ടു വന്നു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന നിരവധി വ്യക്തികള്‍ക്ക് ഇത് പ്രയോജനപ്പെട്ടു.
ലോക്ക് ഡൗൺ കാലത്ത് നശിച്ചു പോകുമായിരുന്ന കര്‍ഷകരുടെ അദ്ധ്വാന ഫലമായ വിളവുകളെ രക്ഷിച്ചെടുക്കാന്‍ ഉത്തിഷ്ഠ നടത്തിയ ഇടപെടലും മാതൃകാപരമായി. ബാംഗളൂര്‍ സിറ്റിയില്‍ നിന്നും അമ്പത് അറുപത് കിലോമീറ്റര്‍ അകലെ മാലൂർ പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പതിനാറായിരം കിലോഗ്രാം പച്ചക്കറി വിളകള്‍ സംഭരിച്ച് ബാംഗളൂരുവിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കിറ്റുകളാക്കി വിതരണം ചെയ്തു. അത് ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ പ്രയാസം അനുഭവിച്ചിരുന്ന കുടുംബങ്ങള്‍ക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കാന്‍ അവസരമൊരുക്കി. അതേ സമയം വന്‍ നഷ്ടം നേരിടുമായിരുന്ന കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ചെലവഴിക്കാന്‍ വഴി തുറന്നു കൊടുക്കുകയും, ഒരു പരിധിവരെ ആശ്വാസം പകരുകയും ചെയ്തു.
ആകെ പത്തുലക്ഷത്തോളം രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ് ഉത്തിഷ്ഠ ഇതുവരെ വിതരണം ചെയ്തത്. കൃത്യമായി ശാരീരിക അകലം പാലിച്ചും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമായിരുന്നു ഉത്തിഷ്ഠയുടെ പ്രവർത്തനങ്ങൾ എല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: