ന്യൂദല്‍ഹി: രാജ്യത്തിന്റെ കൊറോണ പോരാട്ടത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്. വൈറസിനെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായ ആരോഗ്യ സേതു ആപ്പിനെതിരെ വ്യാജപ്രചരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് രംഗത്തു വന്നത്. ഐക്യരാഷ്ട്ര സംഘനയുടേയും ലോകാരോഗ്യസംഘടനയുടേയും പ്രശംസ നേടിയ ആരോഗ്യസേതുവിനെതിരെ ആരോപണമുന്നയിച്ച കോണ്‍ഗ്രസിനും രാഹുലിനും എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
രാഹുലിന്റെ ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്രമന്ത്രിമാരും രംഗത്തു വന്നു. ആരോഗ്യസേതു ഒരു നൂതനമായ നിരീക്ഷണ സംവിധാനമാണെന്നും, ആപ്പിന്റെ നിയന്ത്രണാവകാശം ഒരു സ്വകാര്യ കമ്പനിക്കാണ് നല്‍കിയിരിക്കുന്നതെന്നും, ഇതിന് ആരും മേല്‍നോട്ടം വഹിക്കുന്നില്ലെന്നുമുള്ള വ്യാജപ്രചരണമാണ് രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഉന്നയിച്ചത്. വിവര സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ഗൗരവകരമായ ആശങ്കയാണ് അത് ഉയര്‍ത്തുന്നത്. നാമെല്ലാം സുരക്ഷിതരായി ഇരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടാം. എന്നാല്‍ ഭയം ജനിപ്പിച്ച് രാജ്യത്തെ പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹൂല്‍ ആരോപിച്ചു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രാഹുലിന്റെ അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ മുനയൊടിക്കുകയായിരുന്നു. ‘മിസ്റ്റര്‍ ഗാന്ധി, ഇന്ത്യയെ മനസ്സിലാകാത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ട്വീറ്റുകള്‍ കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യസേതു ആപ്പ് ആഗോള തലത്തില്‍ തന്നെ വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. ‘ദിവസവും ഒരു പുതിയ നുണയുമായി വരും. ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ പങ്കാളിയാണ് ആരോഗ്യസേതു. അതിന് ശക്തമായ ഡാറ്റാ സുരക്ഷാ രൂപകല്‍പ്പനയുണ്ട്. ജീവിതകാലം മുഴുവന്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്, സാങ്കേതികവിദ്യയെ എങ്ങനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് അറിയില്ലേയെന്നും മന്ത്രി ചോദിച്ചു.
ആരോഗ്യ സേതു ആപ്പിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ആവശ്യമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ട്രാക്കിങ്ങിന് വളരെ സഹായകരമായ സംവിധാനമാണ് ആരോഗ്യ സേതു ആപ്. ഇതില്‍ സ്വകാര്യത സംബന്ധിച്ച് ആശങ്ക ഇല്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സേതു ആപ്പിനെക്കുറിച്ച് രാഹുല്‍ അജ്ഞനാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. മാത്രമല്ല, തെറ്റായ വിവരങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് അദ്ദേഹം നിരുത്തരവാദപരമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും സംബിത് പത്ര പറഞ്ഞു.
ആരോഗ്യസേതു ആപ്പ്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോണ്ടാക്ട് ട്രേസിങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു ആപ്പ്. ആപ്പ് പ്രവര്‍ത്തിക്കുക ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളും അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും അടക്കമുള്ളവയും ആപ്പ് നല്‍കുന്നുണ്ട്.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്നവരും ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതാത് കമ്പനികളുടെ തലവന്മാരാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
മെയ് നാല് മുതല്‍ ലോക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയത്. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകള്‍ ആരോഗ്യ സേതു ആപ്പില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: