വായ്പാ തട്ടിപ്പ് നടത്തിയശേഷം രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുടേതടക്കം 50 കമ്പനികളുടെ 68,607 കോടിയുടെ കട ബാധ്യത റിസര്‍വ് ബാങ്ക് പൂര്‍ണമായും എഴുതിത്തള്ളിയെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, കേരളത്തിലെ ഇടതു നേതാക്കളും പ്രചരണം നടത്തുകയാണല്ലോ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാം.
‘സാങ്കേതിക റൈറ്റ് ഓഫ്’ എന്നാണ് ബാങ്കിങ് മേഖലയില്‍ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്. പക്ഷെ അതിലെ ‘സാങ്കേതിക’ എന്ന പദം മാധ്യമങ്ങളും ബുദ്ധിക്കുറവുള്ള രാഷ്ട്രീയ ജീവികളും വിഴുങ്ങും. എന്നിട്ട് ‘അയ്യോ ബാങ്കുകള്‍ കോടീശ്വരന്മാരുടെ വായ്പകള്‍ എഴുതി തള്ളുന്നെ, ഓടി വരണേ’ എന്നു കരയാന്‍ തുടങ്ങും. എത്ര തവണ ഇത് ആവര്‍ത്തിക്കുന്നു?
എന്താണ് ടെക്നിക്കല്‍ റൈറ്റ് ഓഫ്?
ബാങ്കിന്റെ ആസ്തി എന്നു പറയുന്നത് അവര്‍ നല്കുന്ന വായ്പകളാണ്. നിഷ്ക്രിയ ആസ്തി അല്ലെങ്കില്‍ നോണ്‍ പെര്‍ഫോമിങ് അസറ്റ്സ് (എന്‍പിഎ) എന്നാല്‍ മുതലോ പലിശയോ വഴി തിരിച്ചടവ് ഇല്ലാത്ത വായ്പകളാണ്. ഈ നിഷ്ക്രിയ ആസ്തി വര്‍ദ്ധിക്കുമ്പോള്‍ അത് ബാങ്കിന്റെ ലാഭത്തെ നേരിട്ട് ബാധിക്കും. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം നിഷ്ക്രിയ ആസ്തിക്ക് തുല്യമായ തുക ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നു ഒരു നീക്കിയിരുപ്പ് നിക്ഷേപമായി മാറ്റിവെക്കണം. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പ്രവര്‍ത്തന ലാഭം ഈ നിഷ്ക്രിയ ആസ്തി ഒന്നുകൊണ്ട് മാത്രം, കുറയുകയൊ ഇല്ലാതാവുകയൊ ചെയ്യും.
ബാങ്കിന്റെ ത്രൈമാസ പ്രവര്‍ത്തന ഫലം പുറത്തുവിടുമ്പോള്‍ ബാങ്കിന്റെ മൊത്തലാഭം, ഓഹരിമൂല്യം, വിപണിമൂല്യം എന്നിവ വ്യക്തമാകും. എന്നാല്‍ നിഷ്ക്രിയ ആസ്തികള്‍ക്കുവേണ്ടി മാറ്റിവെക്കുന്ന തുക കിഴിച്ചുള്ള തുകയേ അറ്റാദായമായി പരിഗണിക്കാനാവൂ. ബാങ്കിന്റെ വരുമാനവും, മൊത്തലാഭവും കൂടുന്ന അവസരത്തില്‍ പോലും, ഏതാനും കമ്പനികള്‍ സൃഷ്ടിച്ച നിഷ്ക്രിയ ആസ്തി മൂലം (വായ്പാ കുടിശിക) അറ്റാദായം കുറയുന്ന സാഹചര്യം ഉണ്ടാകും. ഇത് ബാങ്കിന്റെ ഓഹരി മൂല്യത്തെയും, ലാഭവിഹിതത്തെയും ദോഷകരമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതോടൊപ്പം നിഷ്ക്രിയ ആസ്തികള്‍, ബാലന്‍സ് ഷീറ്റില്‍ വായ്പകളായി തുടരുമ്പോള്‍, ഈ കിട്ടാക്കടത്തിനും ബാങ്ക്, നികുതി നല്‍കേണ്ട സാഹചര്യവും വരുന്നു. ഇത് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ബാങ്കുകള്‍ ബാലന്‍സ് ഷീറ്റില്‍ നിഷ്ക്രിയ ആസ്തികള്‍ മാറ്റുന്നത്. പക്ഷെ ബാലന്‍സ്ഷീറ്റില്‍ നിന്ന് ഇത് ഒഴിവാക്കിയാലും ഈ വായ്പകള്‍ ബാങ്കിന്റെ ബുക്കില്‍ തുടരുകതന്നെ ചെയ്യും.
കുടിശികക്കാരുടെ സ്ഥാവരജംഗമ സ്വത്തുക്കളില്‍ ബാങ്കിന്റെ അവകാശം തുടര്‍ന്നും ഉണ്ടാവും, റിക്കവറി നടപടികള്‍ തടസ്സം കൂടാതെ തുടര്‍ന്ന് പോകുകയും ചെയ്യാം. അങ്ങനെ നിഷ്ക്രിയ ആസ്തികളില്‍ നിന്നു പിന്നീട് തിരിച്ചുപിടിക്കുന്ന തുക നേരെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തിച്ചേരും. വിജയ് മല്യയില്‍ നിന്നും ഇതിനകം തിരിച്ചുപിടിച്ച തുക ബാങ്കുകളുടെ ലാഭത്തിലേക്ക് കടന്നുവന്നത് അതുകൊണ്ടാണ്. ടെക്നിക്കല്‍ റൈറ്റ് ഓഫ് എന്നാല്‍, വിജയ് മല്യ, നീരവ് മോഡി, മേഹുല്‍ ചോക്സി അടക്കമുള്ളവര്‍ രക്ഷപെട്ടു എന്നല്ല അര്‍ത്ഥം. ബാങ്ക് കൃത്യമായി ഇപ്പോള്‍ ചെയ്തു വന്നത് പോലെ അവരുടെ വസ്തു വകകള്‍ കണ്ടു കെട്ടുകയും അത് വസൂലാക്കി പണം അടപ്പിക്കുകയും ചെയ്യും. കിട്ടാക്കടത്തില്‍ നിന്ന് ഒരാളെയും ഒരിക്കലും ഒഴിവാക്കിയിട്ടില്ല. ചെയ്യുകയുമില്ല. അവരുടെ സ്വത്തു വകകളില്‍, ആസ്തികളില്‍ ബാങ്ക് നടത്തുന്ന റിക്കവറി ശ്രമങ്ങള്‍ പൂര്‍വ്വാധികം ശക്തിയായി തുടരുകയും ചെയ്യും.
ലോണ്‍ തീര്‍പ്പാക്കല്‍
ലോണ്‍ റിക്കവറി നടപടികളില്‍ നിന്ന് കടക്കാരനെ പരസ്പര സമ്മതത്തോടെ ഒഴിവാക്കി കൊണ്ട് ലോണ്‍ അവസാനിപ്പിക്കുന്നതിനെ റൈറ്റ് ഓഫ് എന്നല്ല ലോണ്‍ സെറ്റില്‍മെന്റ് എന്നാണ് പറയുന്നത്. ബാങ്കും കടക്കാരനും കൂടി തീരുമാനിച്ചു മൊത്തത്തില്‍ അയാളുടെ ആസ്തികളില്‍ നിന്നു കിട്ടുന്ന തുക, പരസ്പര സമ്മതത്തോടെ ലോണ്‍ ക്ളോസ് ചെയ്യുന്ന നടപടിയാണ് ലോണ്‍ സെറ്റില്‍മെന്റ്. ഈ നടപടി പലര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് അടവ് മുടങ്ങുമ്പോള്‍ ബാങ്കുകള്‍ ഓഫര്‍ ചെയ്യാറുണ്ട്. അത് പോലെ വളരെ മുന്‍പ് മല്യക്കും ബാങ്കുകള്‍ ലോണ്‍ സെറ്റില്‍മെന്റ് ഓഫര്‍ കൊടുത്തതിനെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അപ്പോഴാണ് അയാളെ ബാങ്കുകള്‍ വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചത്. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ ഉള്ളതില്‍ കൂടുതല്‍ തുകക്ക് തുല്യമായ വസ്തു വകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തപ്പോള്‍ മല്യ അഭ്യര്‍ത്ഥിക്കുന്നത് വായ്പ തുക മുഴുവന്‍ എടുത്തിട്ട് ബാക്കി എങ്കിലും തിരികെ നല്‍കണമെന്നാണ്. നീരവ് മോഡി – മേഹുല്‍ ചോക്സി കേസില്‍ 11,000 കോടി വായ്പയാണ് തിരിച്ചടക്കാതെ മുടങ്ങിയത് എങ്കില്‍ ആ സമയം തന്നെ അവരുടെ ജ്വല്ലറികളിലും വീടുകളിലും നടത്തിയ റെയ്ഡുകളില്‍നിന്ന് 4,900ല്‍ പരം കോടി രൂപ വിലമതിക്കുന്ന രത്നങ്ങളും സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. ബാക്കിയുള്ള 6000 കോടിക്ക് വേണ്ടിയാണ് ഇപ്പോള്‍ റിക്കവറി നടപടികള്‍ നടക്കുന്നത്.
വായ്പ എഴുതിത്തള്ളല്‍
വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളി വായ്പ എടുത്ത ആളെ ബാധ്യതയില്‍നിന്നും പൂര്‍ണ്ണമായും മോചിപ്പിക്കുന്ന പരിപാടിയാണ് വായ്പ എഴുതിത്തള്ളല്‍ (ലോണ്‍ വെയ്വര്‍). വലിയ പ്രകൃതി ദുരന്തത്തില്‍ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായ പാക്കേജ് ആയി വായ്പ എഴുതിത്തള്ളല്‍ കൊണ്ടുവരാറുണ്ട്. പണം തിരികെ അടക്കാന്‍ കടമെടുത്തവര്‍ ബാധ്യസ്ഥരാണ്, അവരെ അതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല, അങ്ങനെ ഒഴിവാക്കുക എന്നൊരു തീരുമാനം സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ല, സര്‍ക്കാര്‍ അങ്ങനെ പറയുകയാണെങ്കില്‍, ബാങ്കുകള്‍ക്ക് ഈ പണം സര്‍ക്കാര്‍ കൊടുക്കേണ്ടതായി വരും. ഈ വായ്പകള്‍ക്ക് മുകളില്‍ ഇവരുടെ പേരിലുള്ള റിക്കവറി നടപടികള്‍ വേറെ തുടരുന്നുമുണ്ട്.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2008 വരെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) മൊത്തം വായ്പ വിതരണം 18.19 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞ് 2014 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് അത് 52.16 ലക്ഷം കോടി രൂപയായി വായ്പ നല്‍കിയത് വര്‍ദ്ധിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കം മുതല്‍ 2008 വരെ വിതരണം ചെയ്ത വായ്പയേക്കാള്‍ 3 ഇരട്ടി വായ്പകള്‍ വെറും ആറ് വര്‍ഷം കൊണ്ട് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു നല്‍കിയിട്ടുണ്ട്. 33.97 ലക്ഷം കോടി’. വേണ്ടത്ര വിലയിരുത്തല്‍ നടത്താതെ, ക്രയശേഷി പരിശോധിക്കാതെ യാതൊരു സുതാര്യതയും ഇല്ലാതെ, വേണ്ടത്ര സെക്യൂരിറ്റികള്‍ ഉറപ്പു വരുത്താതെ, കോടിക്കണക്കിന് രൂപ വായ്പയായി കോര്‍പ്പറേറ്റ് ഭീമന്മാര്ക്ക് അനുവദിച്ച് നല്കി.
ഇന്ന് അല്ലെങ്കില്‍ നാളെ ഈ വായ്പകള്‍ മുഴുവനും തന്നെ കിട്ടാക്കടമായി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. അങ്ങനെയുള്ള ഒരു സാമ്പത്തിക ടൈം ബോംബ് ആണ് മോദിയും അരുണ്‍ ജെയ്റ്റലിയും ഏറ്റെടുത്തത്. ഈ വായ്പ കുംഭകോണത്തെ പറ്റിയാണ് അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ പിന്നീട് സൂചിപ്പിച്ചത്. ഇതിനൊക്കെ ചരടുവലിച്ചവര്‍ തന്നെയാണ് സാങ്കേതിക വായ്പ എഴുതിതള്ളലിനെതിരെ മുതലക്കണ്ണീരൊഴുക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: