ചണ്ഡീഗഡ്: ലോക്ഡൗണ്‍ ലംഘിച്ചെത്തിയ വാഹനം തടയാന്‍ ശ്രമിച്ച പോലീസുകാരനെയും കൊണ്ട് കാര്‍ നിര്‍ത്താതെ പാഞ്ഞു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. മില്ക്ബാര് ചൗക് ചെക്പോസ്റ്റില്‍ ലോക്ഡൗണ്‍ ലംഘിച്ചെത്തിയ വാഹനം തടയുകയായിരുന്ന എസിപി മുല്‍ക് രാജാണ് നിര്‍ത്താതെ പോയ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയത്. അദ്ദേഹത്തെയും കൊണ്ട് കാര്‍ നൂറ് മീറ്റര്‍ ഓടി.
സംഭവത്തില്‍, കറുപ്പ് എര്‍ട്ടിഗ കാറിലെത്തിയ ഇരുപതുകാരന് അന്മോല് മെഹ്മിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തിന്റെ ഉടമ എന്ന നിലയില്‍ മെഹ്മിയുടെ അച്ഛനെതിരെയും കേസുണ്ട്. ജലന്ധറിലെ നകോദാര്‍ സ്വദേശികളാണ് ഇവര്‍.
എസിപി മുന്നില്‍ കയറി നിന്ന് കാര്‍ തടയാന്‍ ശ്രമിച്ചിട്ടും നിര്‍ത്തിയില്ലെന്നും ജീവന് രക്ഷിക്കാന്‍ ബോണറ്റിലേക്ക് ചാടിക്കയറുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലാര്‍ പറഞ്ഞു. പോലീസിന്റെ സമയോചിത ഇടപെടലിലൂടെയാണ് വാഹനം നിര്‍ത്തിച്ചതെന്നും ഗുര്‍പ്രീത് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പഞ്ചാബ് പോലീസ് ക്ഷമിക്കില്ലെന്നും ശക്തമായ നടപടികളെടുക്കുമെന്നും ഡിജിപി ദിനകര്‍ ഗുപ്ത ട്വീറ്റ് ചെയ്തു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പഞ്ചാബില്‍ പോലീസിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ അതിക്രമമാണിത്. നേരത്തെ ഒരു കൂട്ടം ആള്ക്കാര് ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: