ഇരിട്ടി : ആറളം ഫാമില്‍ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി എഫ് ഒ എ. സജ്‌നയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇത്രയും ആനകളെ കോട്ടപ്പാറവഴി ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്ക് തുരത്തി വിട്ടത്. ശനിയാഴ്ച രാവിലെ വരെ യുള്ള കണക്കാണിത്. ശേഷിക്കുന്ന രണ്ട് ആനകളെക്കൂടി തുരത്താനുണ്ടെന്നും അവയെകണ്ടെത്തി ഉടനെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും വനം വകുപ്പധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച് ഫാം ജീവനക്കാരനായ നാരായണന്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്നാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള നടപടികള്‍ വനംവകുപ്പ് പുനരാരംഭിച്ചത്. മുന്‍പും ഫാമില്‍ ആനകളുടെ അക്രമത്തില്‍ നാരായണനെക്കൂടാതെ ആദിവാസികളടക്കം ആറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സമയങ്ങളിലൊക്കെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ആറളം ഫാം സാക്ഷ്യം വഹിച്ചിരുന്നു. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ഫാമിലെത്തി തമ്പടിക്കുന്ന കാട്ടാനകളാണ് ഫാമില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് . ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ ആനകളെ വനത്തിലേക്ക് തുരത്തി വിട്ടിരുന്നെങ്കിലും വീണ്ടും ഫാമിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. വനത്തിലേക്ക് കടത്തിവിട്ട ആനകള്‍ തിരിച്ചു വരാതിരിക്കാന്‍ വനാതിര്‍ത്തി മേഖകളില്‍ വനം വകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആറളം, കൊട്ടിയൂര്‍ വനപാലകരുടെ നേതൃത്വത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ അറുപതോളം വരുന്ന വനപാലക സംഘമാണ് അഞ്ച് ഗ്രൂപ്പുകളായി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നത്. ആറളം വന്യജീവി സങ്കേതം വാര്‍ഡന്‍ എ. ഷജ്നയെക്കൂടാതെ ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ എ. സോളമന്‍ ,ഡപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, കൊട്ടിയൂര്‍ റേഞ്ചര്‍ കെ. ബിനു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: