ന്യൂദല്‍ഹി: ദേശീയ അടിസ്ഥാനസൗകര്യ പദ്ധതി ദൗത്യസംഘം 2019-25 സാമ്പത്തിക വര്‍ഷത്തെ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് സമര്‍പ്പിച്ചു.
2019—20 ലെ ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ”ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനായി ഈ കാലയളവില്‍ 100 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ജീവിതനിലവാരം ഉയര്‍ത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്” പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിരുന്നു.
രാജ്യത്തൊട്ടാകെ ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തിനായും എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഉദ്യമമാണ് ദേശീയ അടിസ്ഥാനസൗകര്യ പദ്ധതി (എന്‍ഐപി). 2025 സാമ്പത്തിക വര്‍ഷത്തോടെ 5 ട്രില്യണ്‍ ഡോളര്‍( 3.8 കോടി കോടി രൂപ)വളര്‍ച്ചയുള്ള സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ ഇത് നിര്‍ണായകമാണ്.
എന്‍ഐപി ടാസ്ക് ഫോഴ്സിന്റെ അന്തിമ റിപ്പോര്‍ട്ട് 2020–25 സാമ്പത്തിക വര്‍ഷത്തില്‍ 111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം പ്രതീക്ഷിക്കുന്നു. മൂന്ന് വോളിയങ്ങളിലായാണ് ടാസ്ക് ഫോഴ്സിന്റെ അന്തിമ റിപ്പോര്‍ട്ട്. വോളിയം ഒന്നും രണ്ടും ഡിഇഎ വെബ്സൈറ്റായ www.dea.gov.in, www.pppinindia.gov.in, ധനകാര്യ മന്ത്രാലയം പോര്‍ട്ടല്‍ എന്നിവയിലും, വോളിയം മൂന്നും എ, ബി യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ട് ഡാറ്റാബേസ് എന്നിവയും ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ഗ്രിഡ് പോര്‍ട്ടലിലും സമയബന്ധിതമായി അപ്ലോഡ് ചെയ്യും.
പദ്ധതി നടപ്പിലാക്കുന്നതില്‍ കേന്ദ്രത്തിനും (39 %) സംസ്ഥാനങ്ങള്‍ക്കും (40 %) ഏതാണ്ട് തുല്യപങ്കു പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തം 21 ശതമാനമാണ്.
ഇന്ത്യയിലെയും ആഗോള തലത്തിലെയും സമീപകാലത്തെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലെയും പ്രവണതകള്‍ തിരിച്ചറിഞ്ഞും സ്വാംശീകരിച്ചതുമാണ് അന്തിമ റിപ്പോര്‍ട്ട്.
നിലവിലുള്ള പ്രാദേശിക നയങ്ങള്‍ ദേദഗതി വരുത്തുന്നതോടൊപ്പം രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ മനസിലാക്കി അക്കാര്യം അന്തിമറിപ്പോര്‍ട്ടില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ അടിസ്ഥാനസൗകര്യ പദ്ധതിക്ക് ധനസഹായം ലഭ്യമാക്കാനുള്ള മാര്‍ഗങ്ങളും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൂന്ന് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ടാസ്ക് ഫോഴ്സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്:
1. അടിസ്ഥാനസൗകര്യ പദ്ധതി പുരോഗതി നിരീക്ഷിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമുള്ള കമ്മിറ്റി
2. പദ്ധതി തുടര്‍ച്ചക്കായി ഓരോ അടിസ്ഥാനസൗകര്യ മന്ത്രാലയ തലത്തിലും ഒരു സ്റ്റിയറിംഗ് കമ്മിറ്റി
3. അടിസ്ഥാനസൗകര്യ പദ്ധതി സാമ്പത്തിക വിഭവ സ്വരൂപണത്തിനായി ഡിഇഎയില്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: