പത്തനംതിട്ട: കോവിഡ് 19 ബാധിതരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു. മറ്റൊരാളുടെ ഫലം കൂടി നെഗറ്റീവായെത്തി. നിലവിൽ പത്തനംതിട്ടയിൽ രോഗവിമുക്തി നേടാനുള്ളത് ഒരാൾ മാത്രം. കഴിഞ്ഞ ഏപ്രിൽ എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയിരൂർ ഇടപ്പാവൂർ സ്വദേശിയായ പ്രണവ് (28) ആണ് ഇന്നലെ ആശുപത്രി വിട്ടത്.
ദുബായിൽ നിന്നും മാർച്ച് 22നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പ്രണവിന്റെ പരിശോധനാഫലം പോസിറ്റീവായതിനേ തുടർന്നാണ് എട്ടിന് ആശുപത്രിയിലെത്തിച്ചത്. മാർച്ച് 25ന് ജനറൽ ആശുപത്രിയിലെത്തിച്ച അടൂർ കണ്ണങ്കോട് സ്വദേശിയായ യുവാവിന്റെ തുടർച്ചയായ രണ്ടാമത്തെ പരിശോധനാഫലവും ഇന്നലെ നെഗറ്റീവായെത്തിയിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ ശിപാർശ പ്രകാരം ഇയാളെ ഇന്നു മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂവെന്ന് ഡിഎംഒ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇനി ഒരാളുടെ ഫലം മാത്രമാണ് നെഗറ്റീവാകാനുള്ളത്. ബ്രിട്ടനിൽ നിന്നെത്തി കഴിഞ്ഞ മാർച്ച് 25 മുതൽ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറന്മുള വല്ലന സ്വദേശിയുടെ ഫലമാണ് കാത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫലം ഇടയ്ക്ക് നെഗറ്റീവായെങ്കിലും തുടർച്ചയായ രണ്ട് ഫലം നെഗറ്റീവാകാത്തതിനാലാണ് രോഗവിമുക്തിയാകാത്തത്. ജില്ലയിൽ കഴിഞ്ഞ മാർച്ച് ഏഴിനാണ് കോവിഡ് രോഗം ആദ്യം സ്ഥിരീകരിച്ചത്. അഞ്ചുപേർക്കാണ് ആദ്യഘട്ടത്തിൽ രോഗം കണ്ടെത്തിയത്. തുടർന്ന് 17 പേർ കഴിഞ്ഞ 12 വരെയുള്ള ദിവസങ്ങളിലായി രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: