പത്തനംതിട്ട: ജില്ലയിൽ കോവിഡ് ബാധിതർ രോഗമുക്തി നേടിയതിനാലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യത്തിലും ജില്ലയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിതുടങ്ങി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ പരിധിയിൽപ്പെടുന്ന മേഖലകളിൽ മനുഷ്യജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് പലയിടത്തും.
വാഹന ഗതാഗതത്തിന് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ പഴുതാക്കി ജനം പലസ്ഥലത്തും രാവിലെ തന്നെ വാഹനങ്ങളുമായി കൂട്ടത്തോടെ റോഡിലിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇത് തിരക്ക് വർദ്ധിക്കാനും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികളെ തകിടം മറിയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതുകണക്കിലെടുത്ത് ജില്ലാ അതിർത്തി പ്രദേശങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. എന്നാൽ നിരത്തിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ വാഹനങ്ങളും കൃത്യമായി പരിശേധന നടത്താനും ഉദ്യോഗസ്ഥർക്കാകുന്നില്ല.
ചങ്ങനാശേരി തിരുവല്ല അതിർത്തിയിൽ പായിപ്പാട് ഭാഗത്തു നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളകളുൾപ്പടെയുള്ളവർ കുന്നന്താനം പഞ്ചായത്തിലെ പല ഭാഗങ്ങളിലുമെത്തി ജോലി ചെയ്യുന്നതായും പരാതി ഉയരുന്നുനുണ്ട്. വ്യാപാര സ്ഥാപനങ്ങളും തുറന്ന് വൃത്തിയാക്കാനും അണുനശീകരണത്തിനുമുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെ പല സ്ഥലങ്ങളിലും അടഞ്ഞുകിടന്ന കടകളുടെ ഷട്ടറുകളും ചുവരുകളും മറ്റും കഴുകി വൃത്തിയാക്കിയിരുന്നു.സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. ലോക്ഡൗണിൽ അടഞ്ഞശേഷം ഇന്ന് തുറന്ന ബേക്കറികൾ ഉൾപ്പെടെയുള്ള പലകടകളിലും പഴയ സാധനങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്.
ഇളവിലും ആശങ്ക
ജില്ലയിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടെങ്കിലും ജനങ്ങളിൽ ആശങ്ക ഒഴിയുന്നില്ല. മുൻപ് ഗ്രീൻ സോണിൽപ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇളവ് പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനമവാണ് ഉണ്ടായത്. ഇതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കാത്തതും രോഗവ്യാപനത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. ഇത് കണക്കിലെടുത്ത് മറ്റ് ജല്ലകളിൽ നിന്നെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കേസുകളിൽ വർധനവ്
ജില്ലയിൽ കോവിഡ് നിയമപ്രകാരമുള്ള കേസുകളിൽ വർധനയുണ്ടായി. ചൊവ്വ ഉച്ചയ്ക്ക് ശേഷം മുതൽ ബുധൻ രണ്ടു മണിവരെ റിപ്പോർട്ടായത് 454 കേസുകൾ. 457 പേർ അറസ്റ്റിലാകുകയും 388 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ ഒരുകാരണവശാലും അനുവദിക്കില്ല. ഇടറോഡുകളും നിരീക്ഷിക്കുന്നുണ്ട്. പോലീസിനെ ആവശ്യത്തിന് വിന്യസിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സാധനങ്ങൾക്കും ക്ഷാമം
ജില്ലയിൽവാഹന ഗതാഗതത്തിനുള്ള നിയന്ത്രണം തുടരുന്നതിനാൽ മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ എത്താത്തത് കടകളുടെ പ്രവർത്തനത്തെ വരും ദിവസങ്ങളിലും ബാധിക്കും. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലും പല സാധനങ്ങൾക്കും ക്ഷാമമുണ്ട്. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കാർഷികമേഖലയിലും നിർമ്മാണ മേഖലയിലും ആളുകൾ ജോലിക്ക് ഇറങ്ങിയിട്ടുണ്ട്. കൂടുതൽ പേരെത്താൻ സാദ്ധ്യതയുള്ളതിനാൽ അതിർത്തികളും ഊടുവഴികളിലും ജാഗ്രത പുലർത്താൻ പൊലീസിനും ആരോഗ്യ വകുപ്പിനും നിർദേശമുണ്ട്.
നിയന്ത്രണങ്ങൾ മറികടന്ന് വാഹനങ്ങൾ
നിയന്ത്രണങ്ങൾ മറികടന്ന് വാഹനങ്ങൾ എത്തിയത് പോലീസിന് തലവേദനയായി. വാഹന ഗതാഗതത്തിന് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ പഴുതാക്കി ജനം പലസ്ഥലത്തും രാവിലെ തന്നെ വാഹനങ്ങളുമായി കൂട്ടത്തോടെ റോഡിലിറങ്ങിയത്. റാന്നി ബ്ലോക്കുപടി മുതൽ പ്രധാന ജങ്ഷനുകളിലെല്ലാം പരിശോധന ഉണ്ടായിരുന്നു. കൂട്ടത്തോടെ ആളുകൾ ടൗണിലും പരിസര പ്രദേശങ്ങളിലും എത്തിയതോടെ പോലീസ് വാഹനത്തിൽ കടകളുടെ പേര് വിളിച്ചു പറഞ്ഞ് അടപ്പിക്കുകയായിരുന്നു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ അനുവദിച്ചു. മാസ്ക് പോലും ധരിക്കാതെയാണ് പലരും വാഹനവുമായി എത്തിയത്. ഇവർക്കൊക്കെ ഉപദേശവും ശാസനയും നൽകി പറഞ്ഞയച്ചു. പോലീസ് കാര്യങ്ങൾ കടുപ്പിച്ചതോടെ ഉച്ചയോടു കൂടി വാഹനവും ആൾ തിരക്കും കുറഞ്ഞു. പറയാതെ തന്നെ പല കടകളും അടച്ചു. റാന്നി ഐത്തലയിലായിരുന്നു സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ കോവിഡ് സ്ഥിതീകരിച്ചതെന്ന കാര്യം മറന്ന മട്ടിലായിരുന്നു ജനം.
അടച്ചിട്ട അതിർത്തികൾ ചോരുന്നു
കോട്ടയം ജില്ലയിൽ കൊറോണാ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും ഇവയെല്ലാം കാറ്റിൽ പറത്തി അനധികൃത യാത്രകൾ നിർബാധം തുടരുന്നു.ഇരുപതിലധികം വരുന്ന ഗ്രാമീണ റോഡുകൾ ബാരിക്കേഡുപയോഗിച്ചു അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇനിയും തുറന്നു കിടക്കുന്ന നിരവധി ചെറുറോഡുകൾ മുഖേന ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും യഥേഷ്ടം യാത്ര നടത്തുന്നു. ആനിക്കാാട് പഞ്ചായത്തിലെ ചില റോഡുകളിൽ സ്ഥാപിച്ചിരുന്ന വേലികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് അധികാരികൾ എത്തി ഇവ പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: