കോഴിക്കോട്: ലോക് ഡൗണിനിടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ചക്കരക്കല്ല് ഇന്‍സ്പെക്റ്റര്‍ ദിനേശ് എ.വിയെ ആണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് സ്ഥലംമാറ്റി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. വിജിലന്‍സ് ഇന്‍സ്പെക്റ്റര്‍ കെ.വി.പ്രമോദന്‍ ആണ് പുതിയ ചക്കരക്കല്ല് ഇന്‍സ്പെക്റ്റര്‍. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ മനോഹരന് മോറായി ലോക്ഡൗണ്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് പോലീസ് മര്‍ദ്ദിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എന്നാല്‍, അപമാനമാകുമെന്ന് കണ്ട് സംഭവം മൂടി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് പത്രപ്രവര്‍ത്തക യൂണിയന് നേതാക്കള്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് വിവാദമായി.
മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് അക്രഡിറ്റേഷന് കാര്‍ഡ് കാണിച്ചിട്ടും പോലീസ് മനോഹരനെ മര്‍ദ്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന ആഭ്യന്തരവകുപ്പില്‍ നിന്നും സിപിഎമ്മിന്റെ പാര്‍ട്ടി പത്രത്തിന്റെ എഡിറ്ററെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ വ്യാപക അമര്‍ഷം ഉണ്ടായിരുന്നു, എന്നാല്‍, പിണറായിയെ പേടിച്ച് ഇത് എല്ലാവരും ഉള്ളിലൊതുക്കി. പ്രതിഷേധ ദിനം സംഘടിപ്പിക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് ചിലര്‍ അറിയിച്ചെങ്കിലും നടപടി പേടിച്ച് ദേശാഭിമാനിയിലെ ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ സിപിഎം ഫ്രാക്ഷന് പത്രപ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തി. ഇതോടെയാണ് ഒരു മാധ്യമത്തിലും ഇത് വാര്‍ത്തയാകാതിരുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന് മോറായി.
സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കിയതോടെ ദേശാഭിമാനി സീനിയര്‍ പത്രപ്രവര്‍ത്തകനെ തല്ലിയെ പോലീസുകാരനെ സ്ഥലംമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: