ബെംഗളൂരു: ലോക്ഡൗണ്‍ കാലത്ത് യുവജനങ്ങളില്‍ ഗെയിമിങ് ആസക്തി 30 ശതമാനമായി വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനത്തിലാണ് ലോക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഗെയിം കളിക്കുന്നതില്‍ 30 ശതമാനം വര്‍ധനവ് കണ്ടെത്തിയിരിക്കുന്നത്.
പതിനാറു മുതല്‍ 20 വയസ്സിനിടയില്‍ ഉള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പബ്ജി, ഫിഫ, കൗണ്ടര്‍-സ്ട്രൈക്ക് തുടങ്ങിയ ഗെയിമുകളോടുള്ള താത്പര്യം കൂടുതലാണെന്ന് നിം ഹാന്‍സ് ഷട്ട് (സര്‍വീസസ് ഫോര്‍ ടെക്നോളജി) ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു. ആശങ്കയിലായ അച്ഛനമ്മമാര്‍ കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിലുള്ള മാര്‍ഗങ്ങള്‍ തേടി ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ക്ലിനിക്കല്‍ സൈക്കോളജി പ്രൊഫസര്‍ ഡോ. മനോജ് ശര്‍മ പറഞ്ഞു.
ലോക്ഡൗണിനു ശേഷം സദാ ഇത്തരം ഗെയിമുകള്‍ മാത്രം കളിക്കുകയാണ് പല കുട്ടികളുമെന്ന് ഡോ. മനോജ് ശര്‍മ പറയുന്നു. തുടര്‍ച്ചയായ 20 മിനുട്ട് മൊബൈല്‍ ഫോണുകളുടെ സ്ക്രീന്‍ മാത്രം നോക്കികാണുമ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ക്കും അത് പ്രശ്നമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കാനായി ഗെയിമിങ് സൈറ്റുകള്‍ നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഗെയിമുകളുണ്ട്. കൂടാതെ ചില കാന്‍ഡി ക്രഷ് പോലുള്ള ഗെയിമുകള്‍ അവരുടെ ലൈഫ് അണ്‍ലിമിറ്റഡ് ആക്കി കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. മുപ്പതു മുതല്‍ 40 വയസ് പ്രായമുള്ളവരില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് 15 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നും ഡോ. മനോജ് ശര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: